പുല്‍പള്ളി ബാങ്ക് വായ്പ തട്ടിപ്പ്:  വിജിലന്‍സ് കേസില്‍ പത്ത് പ്രതികള്‍

കല്‍പറ്റ-പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ 10 പ്രതികള്‍. ബാങ്ക് മുന്‍ പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.കെ.അബ്രഹാമാണ് ഒന്നാം പ്രതി. ബാങ്ക് മുന്‍ സെക്രട്ടറി കെ.ടി.രമാദേവി, ഡയറക്ടര്‍മാരായിരുന്ന ടി.എസ്.കുര്യന്‍, ബിന്ദു തങ്കപ്പന്‍, സുജാത ദിലീപ്, വി.എം.പൗലോസ്, മണി പാമ്പനാല്‍, സി.വി.വേലായുധന്‍, ബാങ്ക് വായ്പ വിഭാഗം മേധാവിയായിരുന്ന പി.യു.തോമസ്, വായ്പ ഇടപാടുകളില്‍ ഇടനിലക്കാരനായിരുന്ന കൊല്ലപ്പള്ളി സജീവന്‍ എന്നിവരാണ് മറ്റു പ്രതികള്‍.
കേസ് അന്വേഷണം തുടങ്ങി നാലു വര്‍ഷത്തിനുശേഷമാണ് വിജിലന്‍സ് വയനാട് യൂനിറ്റ്  തലശേരി വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.  ബാങ്കില്‍ ഏകദേശം എട്ടു കോടി രൂപയുടെ  വായ്പ തട്ടിപ്പ് നടന്നതാണ് വിജിലന്‍സ് കണ്ടെത്തല്‍. 2019ല്‍ അന്വേഷണം പൂര്‍ത്തിയായിട്ടും ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളാണെന്നു ആരോപണം ഉയര്‍ന്നിരുന്നു.
പണയവസ്തുവിന്റെ യഥാര്‍ഥ മൂല്യത്തിന്റെ അനേകം മടങ്ങ് തുക വായ്പ അനുവദിച്ചായിരുന്നു തട്ടിപ്പ്. അപേക്ഷകന്റെ പേരില്‍ അനുവദിക്കുന്ന വായ്പയുടെ സിംഹഭാഗം ബാങ്ക് ഡയറക്ടര്‍മാരുടെയും മറ്റും  കൈകളിലാണ് എത്തിയത്. തട്ടിപ്പുപണത്തില്‍ 1.2 കോടി രൂപ  കൊല്ലപ്പള്ളി സജീവന്റെ  അക്കൗണ്ടില്‍ എത്തിയതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ട അബ്രഹാം, രമാദേവി എന്നിവര്‍ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ടു 2022 ഒക്ടോബറില്‍ പുല്‍പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ ദിവസം റിമാന്‍ഡിലായിരുന്നു

Latest News