Sorry, you need to enable JavaScript to visit this website.

2024ല്‍ ബിജെപിയെ അധികാരത്തില്‍  നിന്ന് പുറത്താക്കും-രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി-അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച വെക്കുമെന്നും അമേരിക്കയില്‍ പര്യടനം നടത്തുന്ന രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
'അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജനങ്ങളെ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുക. വെറുതെ കണക്കുകൂട്ടിയാല്‍ തന്നെ, പ്രതിപക്ഷത്തിന് ഒറ്റക്കെട്ടായി ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സാധിക്കും'- രാഹുലിന്റെ വാക്കുകള്‍. 'തെരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം പോലും സമയമില്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി നിരന്തരം ചര്‍ച്ച നടത്തിവരികയാണ്. നിലവില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായാണ് നിലക്കൊള്ളുന്നത്. എല്ലാ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നല്ലകാര്യങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം. ചര്‍ച്ചകള്‍ സങ്കീര്‍ണമാണ്. കാരണം ചിലയിടങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി നേര്‍ക്കുനേര്‍ വരുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്'- അദ്ദേഹം പറഞ്ഞു. എങ്കിലും വിശാല പ്രതിപക്ഷ ഐക്യം സാധ്യമാകുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷ. സ്ഥാപനങ്ങളെ തങ്ങളുടെ പരിധിയില്‍ കൊണ്ടുവരുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Latest News