മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അറസ്റ്റില്‍

ക്വാലലംപുര്‍- തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് മേയില്‍ അധികാരമൊഴിഞ്ഞ മലേഷ്യയിലെ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെ അഴിമതി വിരുദ്ധ സേന അറസ്റ്റ് ചെയ്തു. റസാഖ് പത്തു വര്‍ഷം മൂമ്പ് രൂപീകരിച്ച സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടത് അന്വേഷിക്കുന്ന സംഘമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഈ ഫണ്ടില്‍ നിന്നും വന്‍തോതില്‍ പണം റസാഖ് അടിച്ചു മാറ്റിയെന്നാണ് ആരോപണം. അദ്ദഹത്തിനെതിരെ ബുധനാഴ്ച കുറ്റം ചുമത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മേയില്‍ അപ്രതീക്ഷിതമായാണ് റസാഖ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. റസാഖിന്റെ മുഖ്യ എതിരാളിയും ഏറെ കാലം പ്രധാനമന്ത്രിയുമായ മഹാതീര്‍ മുഹമ്മദാണ് വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റത്. മഹാതീര്‍ ചുമതലയേറ്റതിനു തൊട്ടുപിന്നാലെ റസാഖിനു രാജ്യത്തിനു പുറത്തു പോകുന്നതിന് വിലക്കേര്‍പ്പെടുത്തി അഴിമതി അന്വേഷണം ശക്തിപ്പെടുത്തുകയായിരുന്നു. പിന്നീട് റസാഖിന്റെ വീടുകളില്‍ റെയ്ഡ് നടത്തുകയും അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അഴിമതി വിരുദ്ധ ഏജന്‍സി റിമാന്‍ഡ് ഉത്തരവ് നല്‍കിയതിനു ശേഷം വീട്ടില്‍ നിന്നാണ് റസാഖിനെ പിടികൂടിയത്.
 

Latest News