Sorry, you need to enable JavaScript to visit this website.

ചരിത്രം രചിച്ച സൗദിയുടെ ബഹിരാകാശ കുതിപ്പ്

ബഹിരാകാശ സഞ്ചാര ദൗത്യം സൗദി അറേബ്യക്ക് പുതുമയുള്ളതല്ലെങ്കിലും റയാന ബർനാവി, അലി അൽഖർനി എന്നിവരുടെ ബഹിരാകാശ സഞ്ചാരത്തിലൂടെ സൗദി ബഹിരാകാശ സഞ്ചാരത്തിന്റെ ഔന്നത്യത്തിലെത്തിയിരിക്കുകയാണ്. കാരണം അറബ് ലോകത്തുനിന്ന് ഇതാദ്യമായി  ഒരു സ്ത്രീയെ ബഹിരാകാശത്ത് എത്തിക്കാൻ സൗദി അറേബ്യക്കായി എന്നതാണ് ഇതിൽ പ്രധാനം. വനിതകൾക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട രാജ്യമെന്ന പേരുദോഷം ഇന്നും സൗദി അറേബ്യക്ക് ചില കേന്ദ്രങ്ങളെങ്കിലും ചാർത്തിക്കൊണ്ടിരിക്കേയാണ് റയാന ബർനാവിയുടെ ബഹിരാകാശത്തേക്കുള്ള കുതിച്ചു പായൽ. സൗദിയിൽ സ്ത്രീകൾ ഇന്നു ബഹിരാകാശത്തു മാത്രമല്ല, സർവ മേഖലകളിലും തങ്ങളുടെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഏതു തൊഴിൽ മേഖലയിലും സൗദി വനിതകൾ തൊഴിൽ ചെയ്യാനും സാഹസിക ദൗത്യങ്ങൾ ഏറ്റെടുക്കാനും തയാറാണെന്നതിന്റെ തെളിവു കൂടിയാണ് ജിസാനിലെ അൽ ഫുർസാൻ ദ്വീപിൽ  മീൻപിടിത്തം തൊഴിലാക്കിയ സൗദി വനിത ഫാത്വിമ ഉഖൈലിയും ബഹരികാശത്ത് ശാസ്ത്രീയ പഠന ദൗത്യങ്ങളുമായി  പറന്നുയർന്ന റയാന ബർനാവിയും. 
വ്യോമസേന പൈലറ്റ് ആയിരുന്ന സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ ഏതാണ്ടു നാലു പതിറ്റാണ്ടുകൾക്കു മുൻപ് 1985 ൽ അമേരിക്കയുടെ ബഹിരാകാശ പേടകത്തിലെ ആദ്യ സൗദി ബഹികാശ യാത്രികനായി മാറിയിരുന്നു. അതിനു ശേഷം ഇപ്പോഴാണ് സൗദിയുടെ പ്രതിനിധികളായി രണ്ടുപേർ ബഹിരാകാശത്തെത്തുന്നതെങ്കിലും അത് ഒട്ടേറെ പ്രത്യേകതകളാൽ ലോക ശ്രദ്ധ നേടിയിരിക്കുകയാണ്.
അമേരിക്കയിലെ കെന്നഡി സ്പെയ്സ് സെന്ററിൽനിന്ന് സ്വകാര്യ ബഹിരാകാശ പേടകമായ സ്പെയ്സ് എക്സ് ഫാൾക്കൺ 9 റോക്കിൽ കുതിച്ചുയർന്ന് ബഹിരാകാശത്തെത്തിയ റയാന ബർനാവിയുടെയും അലി അൽഖർനിയുടെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള സന്ദേശങ്ങളും സംവാദങ്ങളും സൗദി അറേബ്യൻ ജനതക്കു മാത്രമല്ല, അറബ് ജനതക്കൊന്നാകെ ആവേശവും ആത്മാഭിമാനവുമാണ് പകർന്നു നൽകിയത്്. 
ബഹിരാകാശത്ത് അറബ് സംസ്‌കാരവും പാരമ്പര്യവും പരിചയപ്പെടുത്തിയതോടൊപ്പം നിരവധി ശാസ്ത്രീയ പഠനങ്ങളുമാണ് ഇരുവരും നടത്തിയത്. 
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സൗദി ജനതക്കും നന്ദി അറിയിച്ചുകൊണ്ടാണ്  ഇരുവരും ആദ്യ സന്ദേശം അയച്ചത്. 
നാസയുടെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സൺ, അമേരിക്കൻ വ്യവസായി ജോൺ ഷോഫ്നർ എന്നിവർക്കൊപ്പം ബഹിരാകാശ നിലയത്തിലെത്തിയ സൗദി യാത്രികർക്ക് അവിടെ നേരത്തെ തന്നെ എത്തിച്ചേർന്നിരുന്ന യു.എ.ഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദിയും സംഘവും ഊഷ്മള വരവേൽപാണ് നൽകിയത്. അൽനെയാദിക്കു പുറമെ, മൂന്ന് അമേരിക്കക്കാരും മൂന്ന് റഷ്യക്കാരുമാണ് നിലവിൽ ബഹിരാകാശ നിലയത്തിലുള്ളത്.
ബ്രെസ്റ്റ് കാൻസർ, സ്റ്റെം സെൽ ഗവേഷകയായ റയാന ബർനാവിയും സൗദി വ്യോമസേനയിൽ ഫൈറ്റർ പൈലറ്റായ അലി അൽ ഖർനിയും ഹ്യൂമൻ ഫിസിയോളജി, ഫിസിക്കൽ സയൻസ്, സ്റ്റീം തുടങ്ങിയ മേഖലകളിൽ ഇരുപതോളം പരീക്ഷണ ദൗത്യങ്ങളാണ് ബഹിരാകാശ യാത്രയിൽ ഏറ്റെടുത്തിരുന്നത്. 
ആരോഗ്യ സംരക്ഷണം, സാങ്കേതിക വികസനം തുടങ്ങിയ മേഖലകളിൽ ഏറെ സഹായകമായ പരീക്ഷണങ്ങളിലൂടെ സൗദി ശാസ്ത്രീയ മേഖലകളിലെ തങ്ങളുടെ കഴിവു പരിപോഷിപ്പിക്കുന്ന ദൗത്യം കൂടിയാണ് ബഹിരാകാശ ദൗത്യത്തിലൂടെ നിർവഹിക്കപ്പെടുന്നത്. മനുഷ്യരാശിയുടെ ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ പങ്കാളികളാകാനും പര്യവേക്ഷണം നടത്താനും രാജ്യത്തിന്റെ പ്രത്യാശകളും മോഹങ്ങളുമായാണ് യാത്രയെന്നും യാത്ര പുറപ്പെടുന്നതിനു മുൻപ് ഇരുവരും വ്യക്തമാക്കിയിരുന്നു. 
സൗദി ഭരണാധികാരികളുടെ പിന്തുണയോടെ മുഴുവൻ സൗദി, അറബ് വനിതകളുടെയും സ്വപ്നങ്ങളുമായാണ് ബഹിരാകാശത്തേക്ക് താൻ പോകുന്നതെന്ന് റയാന പറഞ്ഞിരുന്നതു പോലെ തന്നെ അറബ് ജനതയുടെ സ്വപ്‌നങ്ങളാണ് പൂവണിഞ്ഞിരിക്കുന്നത്. 
ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് നാന്നൂറിലേറെ കിലോമീറ്റർ ഉയരത്തിൽ മണിക്കൂറുകൾ സഞ്ചരിച്ച് ഒരു സ്ത്രീ മറ്റു പുരുഷൻമാരോടൊപ്പം ബഹിരാകാശ സഞ്ചാരം നടത്തുകയെന്നത് സൗദിയെ പോലുള്ള അറബ്  രാജ്യങ്ങൾക്ക് ഒരു കാലത്ത് ചിന്തിക്കാൻ പോലുമാവില്ലായിരുന്നു. 
ഇന്നത് യാഥാർഥ്യയിട്ടുണ്ടെങ്കിൽ അതു സൗദി ഭരണാധികരികളുടെ പ്രോത്സാഹനവും നിശ്ചയദാർഢ്യവും ഒന്നുകൊണ്ടു മാത്രമാണ്. സൗദി അറേബ്യയെ ശാസ്ത്രീയവും സാങ്കേതികവുമായി ഉന്നതിയിലെത്തിക്കുന്നതോടൊപ്പം സാമ്പത്തികമായും സാമൂഹികമായും ലോക രാഷ്ട്രങ്ങൾക്കൊപ്പം നിൽക്കുന്ന ശക്തിയായി വളർത്തുന്നതിനുള്ള നടപടികളാണ് ഭരണാധികാരികൾ സ്വീകരിച്ചു വരുന്നത്. അതിനായുള്ള പരിഷ്‌കരണ നടപടികളെല്ലാം വിജയച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ തുടർച്ചയായി നടത്തിയ ബഹിരാകാശ സഞ്ചാരവും വിജയത്തിലെത്തിയിരിക്കുകയാണ്. 
ഭാവി തലമുറയിൽ ശാസ്ത്രീയ അഭിനിവേശവും താൽപര്യവും വളർത്താൻ റയാനയുടെയും അലിയുടെയും ബഹിരാകാശ യാത്ര ഏറെ ഉപകരിച്ചിട്ടുണ്ട്. ഭാവിയുടെ വാഗ്ദാനങ്ങളായ ആയിരിക്കണക്കിനു വിദ്യാർഥികളാണ് ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ റയാനയും അലിയുമായി സംവദിച്ചത്. ബഹിരാകാശത്തെ ജീവിതം, എന്തു തരം ഭക്ഷണമാണ് നിങ്ങൾ കഴിക്കുന്നത് എന്നു തുടങ്ങി നിരവധി ചോദ്യങ്ങളാണ് സൗദിയിലെ  വിദ്യാർഥികൾക്ക് സൗദി ബഹിരാകാശ നിലയത്തിൽ കഴിയവേ റയാന ബർനാവിയോടും അലി അൽഖർനിയോടും ചോദിച്ചത്. സൗദി അറേബ്യയിലെ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർഥികൾക്കാണ് ബഹിരാകാശത്തിരിക്കേ ഇവരുമായി വീഡിയോ കോൺഫറൻസ് നടത്താൻ അവസരം ലഭിച്ചത്. 
സൗദി സ്പേസ് അതോറിറ്റി, കമ്യൂണിക്കേഷൻസ്, സ്പേസ് ആന്റ് ടെക്നോളജി കമ്മീഷൻ, വിദ്യാഭ്യാസ മന്ത്രാലയം, വിവിധ സ്‌കൂളുകൾ എന്നിവയുടെ സഹകരണത്തോടെയാണ് വിദ്യാർഥികൾ 42 കേന്ദ്രങ്ങളിൽ നിന്ന് ബഹിരാകാശ യാത്രികരുമായി സംവദിച്ചത്. ബഹിരാകാശ നിലയവും ഭൗമോപരിതലവും തമ്മിലുള്ള ദൂരത്തെക്കുറിച്ച് വിദ്യാർഥികളുടെ ചോദ്യത്തിന്  ജിദ്ദയും മദീനയും, റിയാദും ദമാമും തമ്മിലുമുള്ള ദൂരവുമായി ഉദാഹരിച്ചുകൊണ്ടായിരുന്നു വിദ്യാർഥികളുടെ ചോദ്യങ്ങൾക്കു മറുപടി നൽകിയത്. 
ആയിരക്കണക്കിനു വിദ്യാർഥികൾക്കാണ് ഇരുവരുമായി സംവദിക്കാൻ അവസരം ലഭിച്ചത്. എല്ലാറ്റിനും വ്യക്തമായ മറുപടി ലഭിച്ചതോടെ ബഹിരാകാശ യാത്ര തങ്ങൾക്കും നടത്തണമെന്ന മോഹം ഏറെ വിദ്യാർഥികളാണ് പ്രകടിപ്പിച്ചത്. 
ഇത് വിദ്യാർഥികളിൽ ശാസ്ത്രീയ അവബോധം വളർത്തുന്നതിനും ഭാവിയിൽ മറ്റാരുടെയും സഹായമില്ലാതെ തന്നെ സ്വന്തമായി ഇത്തരം ദൗത്യങ്ങളിൽ വ്യാപൃതരാവാൻ രാജ്യത്തെ സാധ്യമാക്കുന്നതിനുകൂടി ഇവരുടെ ദൗത്യം ഉപകരിക്കുമെന്നതിൽ സംശയമില്ല.
 

Latest News