Sorry, you need to enable JavaScript to visit this website.

നീതിക്കു വേണ്ടി നിലവിളി

ഇന്ത്യൻ കായികലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വൈകാരിക മുഹൂർത്തങ്ങൾക്കാണ് കഴിഞ്ഞ ദിവസം ഹരിദ്വാറിലെ ഗംഗാതീരം സാക്ഷ്യം വഹിച്ചത്. ഒളിംപിക്‌സടക്കം അന്താരാഷ്ട്ര കായികവേദികളിൽ രാജ്യത്തിന്റെ യശസ്സുയർത്തിയ ഗുസ്തി താരങ്ങൾ നീതി തേടി നടത്തിയ നിലവിളി ഗംഗയുടെ തീരങ്ങളിൽ പ്രതിധ്വനിച്ചു. ഭരണകൂടവും അധികാരികളും തങ്ങളോടു തുടരുന്ന നീതിനിഷേധത്തിൽ പ്രതിഷേധിച്ച് ആത്മാഹുതിക്ക് തുല്യമായ ഒരു പ്രതിഷേധത്തിനായിരുന്നു അവർ പുണ്യനദിക്കരികെ എത്തിയത്. തങ്ങൾ സ്വന്തം ജീവനെപ്പോലെ വിലമതിക്കുന്ന ഒളിംപിക്‌സ്, ലോക ഗെയിംസ് മെഡലുകൾ ഗംഗയിലേക്ക് വലിച്ചെറിയുക. സർക്കാരും അധികാരികളും പുറംതിരിഞ്ഞു നിന്നെങ്കിലും രാജ്യം അതിനവരെ അനുവദിച്ചില്ല. കടുത്ത നടപടിയിൽനിന്ന് അവരെ തൽക്കാലം പിന്തിരിപ്പിക്കുന്നതിൽ കർഷക സംഘടന നേതാക്കൾ വിജയിച്ചു. അഞ്ച് ദിവസത്തെ സാവകാശം തരണമെന്നും അതുവരെ ഇത്തരം കടുത്ത നടപടികളിലേക്ക് തിരിയരുതെന്നുമുള്ള കിസാൻ യൂനിയൻ നേതാവ് ടികായത്തിന്റെ അഭ്യർഥനക്ക് അവർ വഴങ്ങി. മെഡലുകൾ അവർ ടികായത്തിന് കൈമാറി.
വനിത ഗുസ്തി താരങ്ങളോട് മോശമായി പെരുമാറുകയും ലൈംഗികതാക്രമം കാട്ടുകയും ചെയ്ത ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെ പോലീസ് നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദൽഹിയിലെ ജന്ദർ മന്ദറിൽ താരങ്ങൾ നടത്തിവരുന്ന സമരം അവഗണിക്കുകയാണ് സർക്കാർ. അതിനിടെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം ഗുസ്തി താരങ്ങളെ ദൽഹി പോലീസ് അറസ്റ്റ് ചെയ്യുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തത്. ഈ സമയം പീഡകൻ ബ്രിജ്ഭൂഷൺ സർക്കാർ ക്ഷണപ്രകാരം പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കുകയായിരുന്നു. 
ബ്രിജ്ഭൂഷന്റെ പീഡനങ്ങളിൽ സഹികെട്ട ഗുസ്തി താരങ്ങൾ ജനുവരിയിലാണ് ദൽഹിയിൽ സമരമാരംഭിച്ചത്. തുടർന്ന് പ്രശ്‌നത്തിൽ സർക്കാർ ഇടപെട്ടെങ്കിൽ തൽക്കാലം താരങ്ങളെ സമരത്തിൽ നിന്ന് പിന്തിരിപ്പിച്ച് പ്രശ്‌നം തണുപ്പിക്കാനാണ് ശ്രമിച്ചത്. ഒരന്വേഷണ കമ്മീഷനെ പ്രഖ്യാപിക്കുകയും ബ്രിജ്ഭൂഷനെ തൽക്കാലത്തേക്ക് ഗുസ്തി ഫെഡറേഷൻ തലപ്പത്തുനിന്ന് മാറ്റിനിർത്തുകയും ചെയ്തു. സർക്കാരിലും പ്രധാനമന്ത്രിയിലും വിശ്വാസമർപ്പിച്ചാണ് താരങ്ങൾ അന്ന് സമരം നിർത്തിവെച്ചത്. എന്നാൽ പിന്നീട് ഇക്കാലമത്രയും താരങ്ങളുടെ ആവശ്യത്തെ അവഗണിക്കുകയായിരുന്നു സർക്കാർ. പോക്‌സോ അടക്കം ചുമത്തി കേസെടുക്കാൻ വകുപ്പുണ്ടായിട്ടും ദൽഹി പോലീസ് ഒരു നടപടിയുമെടുത്തില്ല. നടക്കുന്നതായി പറയുന്ന അന്വേഷണം തന്നെ ഇഴഞ്ഞുനീങ്ങുകയാണ്. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് ആർക്കും ഒരു രൂപവുമില്ല. 
മൊത്തത്തിൽ പീഡകൻ ബ്രിജ്ഭൂഷനു വേണ്ടി എല്ലാ സംവിധാനങ്ങളും അട്ടിമറിക്കപ്പെട്ടു. എത്ര തന്നെ അക്രമങ്ങളോ പീഡനങ്ങളോ നടത്തിയാലും തങ്ങളുടെ ഒരു നേതാവിനെ കൈവിടില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. ഈ സാഹചര്യത്തിലാണ് സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ട ഗുസ്തി താരങ്ങൾ നീതിക്കു വേണ്ടി വീണ്ടും ജന്ദർ മന്ദറിലെ സമരപ്പന്തലിലെത്തിയത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം അവിടേക്ക് മാർച്ച് ചെയ്യുമെന്ന് പറഞ്ഞ താരങ്ങളെ ജന്ദർ മന്ദറിലെ സമരപ്പന്തലിൽനിന്നു തന്നെ പോലീസ് ചവിട്ടിപ്പുറത്താക്കി. തലസ്ഥാന നഗരത്തിനുള്ളിൽ സമരം അനുവദിക്കില്ലെന്നും വേണമെങ്കിൽ അതിർത്തിയിൽ അനുവദിക്കാമെന്നുമാണ് പോലീസ് നിലപാട്. 
സർക്കാർ പീഡകനൊപ്പമാണെന്നും ഈ സർക്കാരിൽനിന്ന് തങ്ങൾക്ക് ഒരിക്കലും നീതി ലഭിക്കില്ലെന്നും ഉറപ്പായപ്പോഴാണ് ഏറ്റവും കടുത്ത സമര മുറയിലേക്ക് താരങ്ങൾ നീങ്ങിയത്. തങ്ങൾ മറ്റെന്തിനേക്കാളും വിലമതിക്കുന്ന ഒളിംപിക്‌സ് മെഡലുകൾ അടക്കമുള്ളവ ഗംഗയിലെറിയാൻ തന്നെ അവർ തീരുമാനിച്ചു. തങ്ങൾക്ക് നീതി നൽകാൻ കഴിയില്ലെങ്കിൽ ഈ മെഡലുകൾ തിരിച്ചെടുത്തുകൊള്ളൂവെന്ന് താരങ്ങൾ നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. 
എന്നാൽ നിരന്തരമായ നീതിനിഷേധത്തിനൊടുവിൽ മെഡലുകൾ രാഷ്ട്രപതിക്കോ, പ്രധാനമന്ത്രിക്കോ സർക്കാരിലെ മറ്റാർക്കെങ്കിലുമോ തിരിച്ചുകൊടുക്കുന്നതിൽ അർഥമില്ലെന്ന് അവർ മനസ്സിലാക്കി. രാഷ്ട്രപതി ഒരു സ്ത്രീയായിട്ടു കൂടി തങ്ങളെ തിരിഞ്ഞുനോക്കിയില്ല. 
പ്രധാനമന്ത്രിയാവട്ടെ തങ്ങളെ തീർത്തും അവഗണിക്കുകയാണ്. മാധ്യമങ്ങൾ തങ്ങളെ നിരന്തരം പരിഹസിക്കുന്നു. ഈ സാഹചര്യത്തിൽ മെഡലുകൾ നിമജ്ജനം ചെയ്യാൻ പറ്റിയത് പുണ്യനദിയായ ഗംഗയാണെന്ന് ഒളിംപിക് മെഡൽ ജേതാവായ സാക്ഷി മാലിക് പറഞ്ഞു. പക്ഷേ സമരത്തിന് ഇക്കാലമത്രയും ശക്തമായ പിന്തുണ നൽകിയ കർഷക സംഘടന നേതാക്കൾ തൽക്കാലത്തേക്കെങ്കിലും അവരെ പിന്തിരിപ്പിക്കുന്നതിൽ വിജയിച്ചു.
അനീതിക്കെതിരെ കായികതാരങ്ങൾ തങ്ങളുടെ മെഡലുകൾ നദിയിൽ വലിച്ചെറിയുന്നത് ഇതാദ്യമല്ല. അമേരിക്കൻ ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ ഇത്തരത്തിലുള്ള കടുത്ത പ്രതിഷേധ പ്രകടനം ആഗോള തലത്തിൽ തന്നെ മനുഷ്യാവകാശ പോരാട്ടങ്ങളിൽ രജതരേഖയാണ്. 1960 ൽ തന്റെ പതിനെട്ടാമത്തെ വയസ്സിൽ റോം ഒളിംപിക്‌സിൽ സ്വർണ മെഡൽ ജേതാവായിട്ടും അലിക്ക് (അന്ന് കാഷ്യസ് ക്ലേ) സ്വന്തം നാട്ടിൽ കടുത്ത വർണ വിവേചനം നേരിടേണ്ടിവന്നു. റെസ്റ്റോറന്റിൽ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പോയ അദ്ദേഹത്തെ, ഇവിടെ വെള്ളക്കാർക്കു മാത്രമേ ഭക്ഷണം വിളമ്പൂവെന്ന് പറഞ്ഞ് ഇറക്കിവിട്ടു. പിന്നാലെ ഒരു സംഘം വെള്ളക്കാർ അലിയെ പരിഹസിക്കുകയും അദ്ദേഹം അവരുമായി ഏറ്റുമുട്ടുകയും ചെയ്തു. അതിന് പിന്നാലെയാണ് താൻ പ്രിയങ്കരമായി കരുതിയിരുന്ന ഒളിംപിക് സ്വർണ മെഡൽ ഒഹായോ നദിയിൽ അദ്ദേഹം വലിച്ചെറിഞ്ഞത്. 
ആ സംഭവത്തിനു ശേഷവും അമേരിക്കയിൽ വർണ വിവേചനത്തിനെതിരെ കറുത്ത വർഗക്കാരായ കായിക താരങ്ങൾ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. അതിന്റെ പേരിൽ നടപടികൾ നേരിട്ടിട്ടുമുണ്ട്. അലിക്കും വർഷങ്ങളോളം വിലക്ക് നേരിടേണ്ടിവന്നു. എന്നാൽ പിൽക്കാലത്ത് ആ പ്രതിഷേധങ്ങൾക്കെല്ലാം ഫലമുണ്ടായി. അതിന്റെ ഫലമാണ് ഇന്ന് അമേരിക്കയിലും ലോകത്തെ ഇതര രാജ്യങ്ങളിലും കറുത്ത വർഗക്കാർ അനുഭവിക്കുന്ന മെച്ചപ്പെട്ട സാഹചര്യങ്ങൾ. വർണ വിവേചനം പൂർണമായി ഇല്ലാതായി എന്നതിന് അർഥമില്ലെങ്കിലും സ്ഥിതി മെച്ചപ്പെട്ടു. 1996 ലെ അറ്റ്‌ലാന്റ ഒളിംപിക്‌സിൽ മുഹമ്മദ് അലിക്ക് ഒളിംപിക് അധികൃതർ വീണ്ടും സ്വർണ മെഡൽ സമ്മാനിച്ചിരുന്നു.
ഇന്ത്യയിലും അനീതിക്കെതിരെ പൊരുതുന്ന ഗുസ്തി താരങ്ങൾ നിരാശപ്പെടേണ്ടിവരില്ലെന്നാണ് മുഹമ്മദ് അലിയുടെ ജീവിതം നൽകുന്ന പാഠം. പീഡകന്മാരും അവർക്ക് പിന്തുണ നൽകുന്ന ഭരണകൂടവും ഇപ്പോൾ ശക്തരാണെന്ന് തോന്നാമെങ്കിലും അവർ ഒരു ദിവസം നിലംപതിക്കുക തന്നെ ചെയ്യും. അതുവരെ നിങ്ങൾ പോരാട്ടം തുടരുക. ഒരു ഭീഷണിക്കും പ്രലോഭനങ്ങൾക്കും വഴങ്ങാതിരിക്കുക. കാരണം നിങ്ങൾ ഇതുവരെ പൊരുതിയത് രാജ്യത്തിനു വേണ്ടിയാണ്. ഇന്ത്യയുടെ യശസ്സുയർത്താനാണ്. ഇപ്പോഴത്തെ പോരാട്ടവും രാജ്യത്തിന്റെ യശസ്സുയർത്താൻ തന്നെയാണ്.

Latest News