Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഏതു വിദേശരാജ്യക്കാരാണ് മുന്നില്‍; സെന്‍സസ് വിവരങ്ങള്‍

റിയാദ്- സൗദി അറേബ്യയിലുള്ള 13.38 ദശലക്ഷം വിദേശികളില്‍ ബംഗ്ലാദേശികള്‍ മുന്നില്‍. മൊത്തം വിദേശ ജനസംഖ്യയുടെ 15.8 ശതമാനം ബംഗ്ലാദേശികളാണ്. 2.12 ദശലക്ഷം ബംഗ്ലാദേശ് പൗരന്മാരാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. 1.88 ദശലക്ഷമാണ് ഇന്ത്യക്കാര്‍. വിദേശ ജനസംഖ്യയുടെ 14 ശതമാനം. പാകിസ്ഥാന്‍, യെമന്‍, ഈജിപ്ത് പൗരന്മാരാണ് വിദേശ ജനസംഖ്യയില്‍ തൊട്ടുപിന്നാലെ.
സൗദി അറേബ്യയിലെ ജനസംഖ്യ 3,21,75,224 ആയി വര്‍ധിച്ചതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. സെന്‍സസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം ജനസംഖ്യയുടെ 58.4 ശതമാനം അഥവാ 18.8 ദശലക്ഷമാണ് സൗദി പൗരന്മാര്‍.  19.7 ദശലക്ഷം അഥവാ 61 ശതമാനം പുരുഷന്മാരും 12.5 ദശലക്ഷം അഥവാ 39 ശതമാനം സ്ത്രീകളുമാണ് സൗദി അറേബ്യയിലുള്ളത്.
റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ ജനസംഖ്യ രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 68% ആണ്. ജനസംഖ്യയുടെ കാര്യത്തില്‍ ഏറ്റവും വലിയ നഗരമാണ് റിയാദ്. തൊട്ടുപിന്നില്‍ ജിദ്ദ, മക്ക, മദീന, ദമാം എന്നിവയാണ്.
ജനസംഖ്യയുടെ ശരാശരി പ്രായം 29 വയസ്സാണെങ്കിലും സൗദികളുടെ ശരാശരി പ്രായം 25 വയസ്സാണ്. 30 വയസ്സിന് താഴെയുള്ള സൗദികള്‍ സൗദികളുടെ മൊത്തം എണ്ണത്തിന്റെ 63 ശതമാനത്തിലെത്തി നില്‍ക്കുന്നു. അതേസമയം രാജ്യത്തെ താമസ സ്ഥലങ്ങളുടെ എണ്ണം 80 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ 51% വരും.
ആകെ 4.2 ദശലക്ഷം സൗദി കുടുംബങ്ങളുണ്ട്. ഒരു കുടുംബത്തിലെ ശരാശരി അംഗങ്ങള്‍ 4.8 ആണ്. സൗദി പുരുഷന്‍മാരുടെയും സ്ത്രീകളുടെയും എണ്ണം ഏകദേശം അടുത്തടുത്താണ് എത്തിനില്‍ക്കുന്നത്. പുരുഷന്മാര്‍ 50.2 ശതമാനവും  സ്ത്രീകള്‍ 49.8 ശതമാനവും. സൗദിയിലുള്ള വിദേശികളുടെ കുടുംബാംഗങ്ങളുടെ ശരാശരി വലിപ്പം ഒരു കുടുംബത്തിന് 2.7 അംഗങ്ങളാണ്. വിദേശികളില്‍ പുരുഷന്മാര്‍ 76 ശതമാനമാണ് രേഖപ്പെടുത്തിയത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തിലൂടെ രാജാവിന്റെയും കിരീടാവകാശിയുടെയും പരിപൂര്‍ണ പിന്തുണയോടെയാണ് സെന്‍സസ് പൂര്‍ത്തിയാക്കിയതെന്ന് സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസല്‍ ബിന്‍ ഫാദില്‍ അല്‍ഇബ്രാഹീം വ്യക്തമാക്കി. സാമ്പത്തികവും സാമൂഹികവുമായ നയങ്ങള്‍ രൂപപ്പെടുത്തുന്നതിനും വിവിധ  പദ്ധതികളുടെ വികസനത്തിനും സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രകടനം അളക്കുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ താരതമ്യങ്ങള്‍ നടത്തുന്നതിനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും സെന്‍സസ് വളരെ പ്രാധാന്യമുള്ളതാണ്.
വിഷന്‍ 2030 ന്റെ വെളിച്ചത്തില്‍ രാജ്യം സാക്ഷ്യം വഹിച്ച സമഗ്രമായ പരിവര്‍ത്തനങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ അതോറിറ്റി ശ്രമിച്ചതായി സ്ഥിതിവിവരക്കണക്ക് ജനറല്‍ അതോറിറ്റി മേധാവി ഡോ. ഫഹദ് ബിന്‍ അബ്ദുല്ല അല്‍ദൂസരി പ്രസ്താവിച്ചു. ഡാറ്റയുടെ ഗുണനിലവാരവും കൃത്യതയും സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മിലുള്ള പങ്കാളിത്തത്തിന്റെ നിലവാരവും ഗണ്യമായി വര്‍ധിച്ചു. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിച്ചത് വഴി മികച്ച അന്താരാഷ്ട്ര രീതികള്‍ പിന്തുടരാനും അത് നടപ്പിലാക്കുന്നതില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളില്‍ നിന്ന് പ്രയോജനം നേടാനും അതോറിറ്റിയെ പ്രാപ്തമാക്കി. സാറ്റലൈറ്റുകള്‍, സെല്‍ഫ് എന്യുമറേഷന്‍ ടെക്‌നോളജി എന്നിവ ഉപയോഗപ്പെടുത്തി.  ഇതുവഴി ഫലങ്ങളുടെ കൃത്യത 95% അവകാശപ്പെടാനാകും. സൗദി സെന്‍സസ് 2022 രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും സമഗ്രവും ഏറ്റവും കൃത്യതയുള്ളതുമായി മാറിയതായും അദ്ദേഹം പറഞ്ഞു.
സെന്‍സസ് ഡാറ്റയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഡാറ്റകള്‍ അവലോകനം ചെയ്യുന്നതിനും ഓഡിറ്റ് ചെയ്യുന്നതിനും പിഴവുകള്‍ നിരീക്ഷിക്കുന്നതിനും ഡാറ്റ സ്വയമേവ ശരിയാക്കുന്നതിനുമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനും ഇവര്‍ മേല്‍നോട്ടം വഹിച്ചു. ഡാറ്റകളുടെ കൃത്യതക്കായി ഒരു ദശലക്ഷത്തിലധികം ഫോണ്‍ കോളുകളും 9,00,000 ഫീല്‍ഡ് സന്ദര്‍ശനങ്ങളും നടത്തി. ഡാറ്റയുടെ കൃത്യത സ്ഥിരീകരിക്കുന്നതിന് 200 ലധികം സൂചകങ്ങളിലൂടെ ഡാറ്റ അവലോകനം ചെയ്തതായും അദ്ദേഹം പറഞ്ഞു.

 

Latest News