കൊല്‍ക്കത്ത- മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി. ജെ. പി അധ്യക്ഷന്‍ ജെ. പി നദ്ദ എന്നിവര്‍ ജൂണില്‍ പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി. ജെ. പി അധ്യക്ഷന്‍ ജെ. പി നദ്ദ എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയില്‍ പങ്കെടുക്കുമെന്നും പശ്ചിമ ബംഗാള്‍ ബി. ജെ. പി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ബി. ജെ. പി ആരംഭിച്ചു. ഒമ്പത് വര്‍ഷം പ്രധാനമന്ത്രി നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദമായ കണക്ക് അവതരിപ്പിക്കാന്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും ബി. ജെ. പി പ്രവര്‍ത്തകര്‍ പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജൂണില്‍ സംസ്ഥാനത്ത് മൂന്ന് യോഗങ്ങള്‍ നടക്കുമെന്നും സംസ്ഥാനത്തെത്തുന്ന 10 കേന്ദ്ര മന്ത്രിമാര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ബി. ജെ. പി സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തകരും അനുഭാവികളും നരേന്ദ്ര മോദി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിക്കും- ബി. ജെ. പി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ പറഞ്ഞു.
പശ്ചിമ ബംഗാളില്‍ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റിപ്പോര്‍ട്ട് കാര്‍ഡ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.