മലയാളികള്‍ ഉള്‍പ്പെടെ 1575 കൈലാസ യാത്രികര്‍ നേപ്പാളില്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ന്യുദല്‍ഹി- ഹിമാലയത്തിലെ കൈലാസ്-മാനസസരോവര്‍ സന്ദര്‍ശനത്തിനു പോയ മലയാളികള്‍ ഉള്‍പ്പെടെ 1575 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ തിബറ്റിനോട് ചേര്‍ന്നുളള നേപ്പാളിലെ പര്‍വത മേഖലയില്‍ ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് സംഭവം. ഇവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ ഇന്ത്യ നേപ്പാളിന്റെ സഹായം തേടിയിട്ടുണ്ട്്. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ഇവരെ തിരിച്ചെത്തിക്കാനുളള നടപടികള്‍ തുടങ്ങിയതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 

സിമികോട്ടില്‍ 525 പേരും ഹില്‍സയില്‍ 550 പേരും തിബറ്റില്‍ അഞ്ഞൂറ് ഇന്ത്യക്കാരുമാണ് കുടുങ്ങിയതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഇവരെ സൈനിക ഹെലികോപ്്റ്റര്‍ ഉപയോഗിച്ച് സുരക്ഷിത സ്ഥലത്തെത്തിക്കാന്‍ നേപ്പാളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമ പറഞ്ഞു. തീര്‍ത്ഥാടകരുടെ കുടുംബങ്ങള്‍ക്ക്് വിവരം നല്‍കുന്നതിനായി മലയാളം, തെലുഗു, കന്നഡ, തമിഴ് എന്നീ ഭാഷകളിലടക്കം പ്രത്യേക ഹോട്ട്‌ലൈന്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കാഠമണ്ഡുവിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലാണ് ഇന്ത്യക്കാരുടെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. ഇവര്‍ക്കു ഭക്ഷണവും വൈദ്യ സഹായവും എത്തിച്ചു നല്‍കുന്നുണ്ട്. സിമികോട്ടില്‍ നിന്നും ഇന്ത്യക്കാരെ പുറത്തെത്തിക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ് അധികൃതര്‍. നേപ്പാള്‍ സൈന്യത്തിന്റെ സഹായത്തിനായും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലുകളും ഉണ്ടായതിനെ തുടര്‍ന്ന് ഇവിടങ്ങളിലേക്കുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്. മോശം കാലാവസ്ഥ കാരണം കോപ്റ്ററുകളും പറത്താന്‍ കഴിയാത്ത സ്ഥിതിയാണ്. 

സിമികോട്ടില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ നാലു മലയാളി തീര്‍ത്ഥാടകരും ഉള്‍പ്പെടും. കോഴിക്കോട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ജൂണ്‍ 21-നാണ് 37 അംഗം സംഘം കൈലാസ സന്ദര്‍ശനത്തിന് പുറപ്പെട്ടത്. 27-ന് മടങ്ങാനിരിക്കെയാണ് കാലാവസ്ഥ പ്രതികൂലമായത്. കാലാവസ്ഥാ മോശമായതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. സംഘത്തിലുള്‍പ്പെട്ട ഏതാനും മലയാളികള്‍ കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയിരുന്നു.
 

Latest News