ലോകത്തിലെ ഏറ്റവും വലിയ ധനാഢ്യനായി എലോൺ മസ്‌ക് വീണ്ടും

സാൻഫ്രാൻസിസ്‌കോ- ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന പദവി എലോൺ മസ്‌ക് തിരിച്ചുപിടിച്ചു.
പാരീസ് ട്രേഡിംഗിൽ ആഡംബര വ്യവസായി ബെർണാഡ് അർനോൾട്ടിന്റെ എൽ.വി.എം.എച്ച് ഓഹരികൾ 2.6% ഇടിഞ്ഞതിനെത്തുടർന്നാണ് ടെസ്ല ഇൻക് മേധാവിയായ എലോൺ മസ്‌ക് ഒന്നാം സ്ഥാനത്ത് എത്തിയത്. 
ലോകത്തിലെ ഏറ്റവും ധനികരായ 500 പേരുടെ പട്ടികയായ ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സിൽ മസ്‌കും 74 കാരനായ ഫ്രഞ്ചുകാരൻ ബെർണാഡ് അർനോൾട്ടും ഒപ്പത്തിനൊപ്പമായിരുന്നു. 

ടെക് വ്യവസായം ബുദ്ധിമുട്ടുകയും ആഡംബരങ്ങൾ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുകയും ചെയ്തപ്പോൾ ഡിസംബറിൽ അർനോൾട്ട് ആദ്യമായി മസ്‌കിനെ മറികടന്നു. എൽ.വി.എം.എച്ച്, ലൂയി വിറ്റൺ, ഫെൻഡി, ഹെന്നസി എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകളുടെ ഉടമയാണ് അർനോൾട്ട്. ഏപ്രിൽ മുതൽ എൽ.വി.എം.എച്ച് ഓഹരികൾ ഏകദേശം 10% ഇടിഞ്ഞു. ഒരു ഘട്ടത്തിൽ അർനോൾട്ടിന്റെ മൊത്തം ആസ്തിയിൽ നിന്ന് 11 ബില്യൺ ഡോളർ ഒറ്റ ദിവസം കൊണ്ട് കുറഞ്ഞു. 

അതേസമയം, മസ്‌ക് ഈ വർഷം 55.3 ബില്യൺ ഡോളറിലധികം നേടി. സൂചിക പ്രകാരം മസ്‌കിന്റെ സമ്പത്ത് ഇപ്പോൾ ഏകദേശം 192.3 ബില്യൺ ഡോളറാണ്, അർനോൾട്ടിന്റേത് 186.6 ബില്യൺ ഡോളറാണ്.

Latest News