ന്യൂദൽഹി- പുതുസാങ്കേതിക വിദ്യകളുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന സിലിക്കൺ വാലിയിൽ ചെലവിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അത്യാധുനിക സാങ്കേതിക വിദ്യകൾ എന്നിവയിൽ വഴിത്തിരിവായ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സിലിക്കൺ വാലി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സംരംഭകർക്കൊപ്പമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച തന്റെ ദിവസത്തിന്റെ ആദ്യ പകുതി ചെലവഴിച്ചത്.
പ്ലഗ് ആൻഡ് പ്ലേ ഓഡിറ്റോറിയത്തിന്റെ മുൻ നിരയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർപേഴ്സൺ സാം പിത്രോഡയ്ക്കും അദ്ദേഹത്തോടൊപ്പം ഇന്ത്യയിൽ നിന്നെത്തിയ മറ്റു പ്രമുഖർക്കുമൊപ്പമാണ് രാഹുൽ ഗാന്ധി ചർച്ചകളിൽ മുഴുകിയത്. കൃത്രിമബുദ്ധിയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള വിദഗ്ധരുടെ പാനൽ ചർച്ചയിൽ രാഹൽ പങ്കെടുത്തു. ബിഗ് ഡാറ്റ, മെഷീൻ ലേണിംഗ് എന്നിവയും അവയുടെ പ്രത്യാഘാതങ്ങളും തുടങ്ങിയ വിഷയങ്ങളിൽ നടന്ന ചർച്ചയിൽ രാഹുൽ പങ്കെടുത്തു.
കാലിഫോർണിയയിലെ സണ്ണിവെയ്ൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്ലഗ് ആൻഡ് പ്ലേ ടെക് സെന്റർ സ്റ്റാർട്ടപ്പുകളുടെ ഏറ്റവും വലിയ ഇൻകുബേറ്ററാണ്. പ്ലഗ് ആൻഡ് പ്ലേയിലെ സ്റ്റാർട്ടപ്പുകളുടെ സ്ഥാപകരിൽ 50 ശതമാനത്തിലധികം ഇന്ത്യക്കാരോ ഇന്ത്യൻ അമേരിക്കക്കാരോ ആണെന്ന് സി.ഇ.ഒയും സ്ഥാപകനുമായ സയീദ് അമിദി പറയുന്നു. ഐ.ടി മേഖലയെക്കുറിച്ച് രാഹുലിന് ആഴത്തിലുള്ള ധാരണയുണ്ടെന്നും ഏറ്റവും പുതിയതും അത്യാധുനിക സാങ്കേതികവിദ്യകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് വളരെ ശ്രദ്ധേയമാണെന്നും പരിപാടിക്ക് ശേഷം അമിദി പി.ടി.ഐയോട് പറഞ്ഞു.
അതേസമയം, പെഗാസസന്് സ്പൈവെയറിന്റെയും സമാന സാങ്കേതികവിദ്യകളുടെയും പ്രശ്നത്തിൽ, അതിനെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്ന് രാഹുൽ പറഞ്ഞു. ഒരു ഘട്ടത്തിൽ തന്റെ ഫോൺ ടാപ്പുചെയ്യുന്നത് അറിയാമെന്ന് വ്യക്തമാക്കിയ രാഹുൽ, തന്റെ ഐഫോണിൽ 'ഹലോ! മിസ്റ്റർ മോഡി' എന്ന് തമാശയായി പറയുകയും ചെയ്തു.
'എന്റെ ഐഫോൺ ടാപ്പ് ചെയ്യപ്പെടുകയാണെന്ന് ഞാൻ കരുതുന്നു. ഒരു രാജ്യമെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും ഡാറ്റ വിവരങ്ങളുടെ സ്വകാര്യത സംബന്ധിച്ച് നിങ്ങൾ നിയമങ്ങൾ സ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.






