തിരുവനന്തപുരം-നെയ്യാറ്റിന്‍കരയില്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ക്കു നേരെ രോഗിയുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി 10ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ബാലരാമപുരം ജംഗ്ഷനില്‍ വച്ച് വിഴിഞ്ഞം പുന്നകുളം സ്വദേശി അരുണ്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവിനെ ബാലരാമപുരം കേന്ദ്രമായി സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മദ്യലഹരിയിലായിരുന്ന യുവാവ് ആംബുലന്‍സില്‍ കയറിയതുമുതല്‍ അസഭ്യം പറയുകയായിരുന്നുവെന്ന് ആംബുലന്‍സ് ജീവനക്കാര്‍ പറയുന്നു. ഇതിനിടയില്‍ ആംബുലന്‍സ് നഴ്‌സ് അഭിജിത്തിന്റെ കോളറില്‍ പിടിച്ച് ആക്രമിക്കാനും ശ്രമിച്ചു. ഇതോടെ ആംബുലന്‍സ് ജീവനക്കാര്‍ വാഹനം തിരിച്ച് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആംബുലന്‍സ് നെയ്യാറ്റിന്‍കര ടി.ബി ജംഗ്ഷനില്‍ എത്തിയപ്പോള്‍ യുവാവ് അക്രമാസക്തനായി വീണ്ടും അഭിജിത്തിനെ ആക്രമിക്കുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ആംബുലന്‍സ് ഡ്രൈവര്‍ രാഹുല്‍ ആംബുലന്‍സ് നിറുത്തി പിറകുവശത്തെ ഡോര്‍ തുറന്നതും യുവാവ് ഇയാളെയും ആക്രമിച്ചു. ഇതിനിടെ ജീവനക്കാര്‍ നെയ്യാറ്റിന്‍കര പോലീസിനെ വിവരം അറിയിച്ചു. പോലീസ് സംഘം എത്തുന്നതിനിടയില്‍ യുവാവ് ആംബുലന്‍സിന്റെ ചില്ല് അടിച്ച് തകര്‍ത്തു. തുടര്‍ന്ന് പോലീസെത്തി ആംബുലന്‍സില്‍ യുവാവിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.