Sorry, you need to enable JavaScript to visit this website.

സുനന്ദ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശശി തരൂര്‍ കോടതിയില്‍

ന്യൂദല്‍ഹി- ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ കോടതിയെ സമീപിച്ചു. നേരത്തെ ജൂലൈ ഏഴിന് കോടതി തരൂരിനോട് നേരിട്ട് ഹാജരാകാന്‍ വിചാരണ കോടതി ഉത്തരവിട്ടിരുന്നു. കോടതിയില്‍ ഹാജരാകാന്‍ നാലു ദിവസം കൂടി ബാക്കി നില്‍ക്കെയാണ് തരൂര്‍ മുന്‍കൂര്‍ ജാമ്യം തേടി ചൊവ്വാഴ്ച കോടതിയെ സമീപിച്ചത്. ജാമ്യഹരജി നാളെ രാവിലെ 10 മണിക്ക് ദല്‍ഹി പാട്യാല ഹൗസ് കോടതി പരിഗണിക്കും.

സുനന്ദയുടെ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ആരേയും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന് എസ്.ഐ.ടി വ്യക്തമാക്കിയിട്ടുണ്ടെന്ന് തരൂരിന്റെ അഭിഭാഷകന്‍ പറഞ്ഞു. അറസ്റ്റൊന്നും ഇല്ലാതെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ ജാമ്യം തടയാനാവില്ലെന്ന് നിയമം വ്യക്തമാക്കുന്നുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഭാര്യ സുന്ദയെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുകയും അവരോട് ക്രൂരത കാട്ടിയെന്നും ആരോപിച്ചാണ് എസ്.ഐ.ടി തരൂരിനെ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. മേയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. സുനന്ദ അമിതമായി ഉറക്ക ഗുളികള്‍ കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് എസ്.ഐ.ടി അന്വേഷണത്തില്‍ കണ്ടെത്തിയത്. കുറ്റപത്രം ചോദ്യം ചെയ്യുമെന്ന് തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

2014 ജനുവരി 17-നാണ് സുനന്ദ പുഷ്‌ക്കറിനെ ദല്‍ഹിയിലെ ലീല ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയതെങ്കിലും ഒടുവിലെ കണ്ടെത്തല്‍ ഇത് ആത്മഹത്യയായിരുന്നുവെന്നാണ്.
 

Latest News