Sorry, you need to enable JavaScript to visit this website.

നഴ്‌സുമാരെ പണിമുടക്കിലേക്ക് തള്ളിവിടാതെ ശമ്പളം ഉടൻ വർധിപ്പിക്കണം: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ

കോഴിക്കോട് -  സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്‌സുമാരെ പണിമുടക്കിലേക്ക് തള്ളിവിടാതെ ഉടൻ ശമ്പളം വർധിപ്പിക്കണമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ) ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ആവശ്യപ്പെട്ടു. ദിവസ വേതനം 1500 രൂപയാക്കുക, കരാർ തൊഴിൽ അവസാനിപ്പിക്കുക, രോഗി-നഴ്‌സ് അനുപാതം നിയമാനുസൃതമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.എൻ.എ നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
  കഴിഞ്ഞ അഞ്ചു വർഷമായി നഴ്‌സുമാരുടെ ശമ്പളം വർധിപ്പിച്ചിട്ടില്ല. എന്നാൽ എല്ലാത്തരം നിത്യോപയോഗ സാധനങ്ങളുടെയും ഗ്യാസിന്റെയും പെട്രോളിന്റെയും വില അഞ്ച് വർഷം കൊണ്ട് ഭീമമായാണ് വർധിച്ചിട്ടുള്ളത്. ശമ്പള പരിഷ്‌കരണം നടപ്പാക്കാതെ നഴ്‌സിംഗ് സമൂഹത്തിനും മറ്റ് ആരോഗ്യ പ്രവർത്തകർക്കും മുന്നോട്ട് പോകാനാവില്ല. തീർത്തും ന്യായമായ ഈ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ ജൂൺ 12, 13, 14  തിയ്യതികളിൽ കോഴിക്കോട് ജില്ലയിലെ മുഴുവൻ നഴ്‌സുമാരും 72 മണിക്കൂർ പണിമുടക്കുമെന്നും കലക്ടറേറ്റ് മാർച്ച് മുന്നറിയിപ്പ് നൽകി.
യു എൻ എ ജില്ലാ പ്രസിഡന്റ് ജിഷ്ണു അശോക് അധ്യക്ഷത വഹിച്ചു. യു.എൻ.എ ദേശീയ സെക്രട്ടറി സുധീപ് എം.വി മുഖ്യ പ്രഭാഷണം നടത്തി. എ. ഐ.ഡി.വൈ.ഒ സംസ്ഥാന പ്രസിഡന്റ് ഇ.വി.പ്രകാശ്, യു എൻ എ സംസ്ഥാന ട്രഷറർ ബിബിൻ എൻ.പോൾ, കെ.ജി.എൻ.യു ജില്ലാ പ്രസിഡന്റ് സജിത്, ജില്ലാ ജോയിന്റ് സെക്രട്ടറി ജോഷി പി. ജോയ് പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി മിനി ബോബി സ്വാഗതവും ജില്ലാ ട്രഷറർ സുധ മധുസുദനൻ നന്ദിയും പറഞ്ഞു. 
 മാർച്ചിന് ശ്രുതി, അശ്വതി ഇ.പി, അഞ്ജുഷ എലിസബത്ത്, റ്റിൻസി മാത്യു, ഷബീർ, പ്രവീൺ, ജിബിൻ, അഞ്ജു കൃഷ്ണ, റെജിൽ ലാൽ എന്നിവർ നതൃത്വം നൽകി. ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്നായി നൂറുകണക്കിന് നഴ്‌സുമാർ മാർച്ചിൽ പങ്കെടുത്തു.

Latest News