മധ്യപ്രദേശ് സ്‌കൂളില്‍ ഹിന്ദു വിദ്യാര്‍ഥിനികളും ഹിജാബ് ധരിച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ഭോപ്പാല്‍- മധ്യപ്രദേശില്‍ സ്‌കൂളില്‍ ഹിന്ദു വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന ആരോപണവുമായി സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്ത്.സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഹിന്ദു വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ ഹിജാബ് പോലുള്ള ശിരോവസ്ത്രം ധരിച്ചതായി കാണിക്കുന്ന ദാമോയിലെ ഗംഗാ ജമുന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റേതായി ഒരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ആരോപണം. സ്‌കൂളിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംഘ്പരിവാര്‍ സംഘടനകള്‍ ജില്ലാ കലക്ടര്‍ ഓഫീസിനുമുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.
ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് വിഷയം ആദ്യം അന്വേഷിച്ചതെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ല. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ അന്വേഷണം നടത്താന്‍ പോലീസ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മതപരിവര്‍ത്തനത്തെക്കുറിച്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നെങ്കിലും ആരോപണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കി  ദാമോ കലക്ടര്‍ മായങ്ക് അഗര്‍വാള്‍ പറഞ്ഞു.
ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് തഹസില്‍ദാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചതായും കലക്ടര്‍ പറഞ്ഞു.
അതേസമയം, യൂണിഫോമില്‍ ശിരോവസ്ത്രമുണ്ടെന്നും അത് ധരിക്കാന്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്നും സ്‌കൂള്‍ ഉടമ മുസ്താഖ് ഖാന്‍ പറഞ്ഞു. സ്‌കൂളില്‍ ഹിന്ദുക്കളെയും മറ്റ് അമുസ്‌ലിം പെണ്‍കുട്ടികളെയും ബുര്‍ഖയും ഹിജാബും ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി ലഭിച്ചതായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍) ചെയര്‍മാന്‍ പ്രിയങ്ക് കനൂനാഗോ ട്വീറ്റ് ചെയ്തു.
ആവശ്യമായ നടപടികള്‍ക്കായി ദാമോ കലക്ടറോടും പോലീസ് സൂപ്രണ്ടിനോടും നിര്‍ദേശിച്ചതായും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News