Sorry, you need to enable JavaScript to visit this website.

മാന്‍ഹോള്‍ ശുചീകരണത്തിന് ഇനി റോബോട്ടിക് സിസ്റ്റം

കൊച്ചി- മാന്‍ഹോള്‍ ശുചീകരിക്കാന്‍ കൊച്ചിയില്‍ ഇനി റോബോട്ടിക് സിസ്റ്റം. കൊച്ചി നഗരസഭ, കൊച്ചി കപ്പല്‍ ശാലയുടെ സാമ്പത്തിക സഹായത്തോടെയും ജെന്‍ റോബോട്ടിക്സ് ഇന്നോവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സ്റ്റാര്‍ട്ടപ്പിന്റെ സാങ്കേതിക സഹായത്തോടെയുമാണ് കായികാധ്വാനമുള്ള മാന്‍ഹോള്‍ ശുചീകരണം ഒഴിവാക്കുന്നതിന് വേണ്ടി റോബോട്ടിക് സംവിധാനം തുടങ്ങിയത്.
എറണാകുളം ഹോസ്പിറ്റല്‍ റോഡിലെ കേരള വാട്ടര്‍ അതോറിറ്റി പരിസരത്ത് നടന്ന ചടങ്ങില്‍ മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനുശേഷം ഹോസ്പിറ്റല്‍ റോഡിലുള്ള മാന്‍ ഹോള്‍ ക്ലീന്‍ ചെയ്ത് കൊണ്ട് റോബോട്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. 39.52 ലക്ഷം തുക ചെലവഴിച്ചാണ് റോബോട്ട് തയ്യാറാക്കിയത്. പദ്ധതിയുടെ മുഴുവന്‍ തുകയും കൊച്ചി കപ്പല്‍ശാലയുടെ സി എസ് ആര്‍ ഫണ്ടില്‍ നിന്നാണ് ലഭ്യമായത്. നഗരസഭയുടെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഇത്.
സാങ്കേതികവിദ്യകളുടെ സഹായത്തോടെ നഗരഭരണം കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് ജന്‍ റോബോട്ടിക്സ് എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്ന് മേയര്‍ അഡ്വ എം അനില്‍കുമാര്‍ പറഞ്ഞു. മാന്‍ഹോള്‍ ശുചീകരണ റോബോട്ടിന്റെ താക്കോല്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് ചെയര്‍മാന്‍ മധു എസ് നായര്‍ മേയര്‍ക്ക് കൈമാറി.
ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷീബ ലാല്‍,  ടി കെ അഷറഫ്, അഡ്വ. പ്രിയ പ്രശാന്ത്, വി എ ശ്രീജിത്ത്, പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ, ഡിവിഷന്‍ കൗണ്‍സിലര്‍ പത്മജ എസ് മേനോന്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സമ്പത്ത് കുമാര്‍, കേരള വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ ഇന്ദുലേഖ, ജെന്‍ റോബോട്ടിക്സ് ഇന്നോവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ. വിമല്‍ ഗോവിന്ദ് എം കെ, സിഹെഡ് ഡയറക്ടര്‍ ഡോ. രാജന്‍ പങ്കെടുത്തു.

Latest News