കെണിയാണ്, അപരിചിതരുടെ വീഡിയോ കോളുകള്‍ ഒഴിവാക്കണം

അപരിചിതരില്‍നിന്നുള്ള വീഡിയോ കോളുകള്‍ സ്വീകരിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി പോലീസും സാങ്കേതിക വിദഗ്ധരും. വാട്‌സ്ആപ്, മെസഞ്ചര്‍. ഐ.എം.ഒ തുടങ്ങിയവയിലെ വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്.
മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്താല്‍ മറുവശത്തു അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടുകയും വിന്‍ഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്‌തെടുത്തതിന് ശേഷം ബ്ലാക്ക് മെയില്‍ ചെയ്യുന്ന രീതിയാണ് തട്ടിപ്പുകാര്‍ തുടരുന്നത്. ഇരകളെ ലഭിച്ചാല്‍  സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെടുക.
നിശ്ചിത തുക നല്‍കിയില്ലെങ്കില്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ ചെയ്യുമെന്നും ഭീഷണിപ്പെടുത്തും. മാനഹാനി ഭയന്ന് പണം അയച്ചു നല്‍കുന്നവരെ തുടര്‍ന്നും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടും. അശ്ലീല വീഡിയോകളുടേയും മോര്‍ഫ് ചെയ്ത ഫോട്ടോകളുടേയും ലിങ്ക് സാമൂഹിക മാധ്യമങ്ങള്‍ വഴി സുഹൃത്തുക്കള്‍ക്ക് അയക്കുമെന്ന് ഭീഷണി സന്ദേശം വരുന്നതോടെ പലരും തട്ടിപ്പുകാര്‍ക്ക് വഴങ്ങും. ഫെയ്‌സ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ പൂര്‍ണ വിവരങ്ങള്‍ നേരത്തെ തന്നെ ഇവര്‍ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അപരിചിതരുടെ വീഡിയോ കോളുകള്‍ സ്വീകരിക്കാതിരിക്കുകയാണ് കെണിയില്‍ പെടാതിരിക്കാനുള്ള മാര്‍ഗം. അന്തരാഷ്ട്ര നമ്പറുകളില്‍നിന്ന് വിളിച്ച് ബാങ്കിന്റേതടക്കമുള്ള രഹസ്യ വിവരങ്ങള്‍ കൈക്കലാക്കാനും ഹാക്കര്‍മാര്‍ ശ്രമിക്കുന്നുണ്ട്.

 

Latest News