മുംബൈ- കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ അന്ധേരിയില്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണത് ട്രെയിന്‍ സര്‍വീസുകളും റോഡ് ഗതാഗതവും സ്തംഭിപ്പിച്ചു. കിഴക്കന്‍ അന്ധേരിയെ പടിഞ്ഞാറന്‍ അന്ധേരിയുമായി ബന്ധിപ്പിക്കുന്ന ഗോഖലെ പാലത്തിന്റെ നടപ്പാത തകര്‍ന്ന് റെയില്‍പാളത്തിലേക്കു വീഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്. ആറു പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റു.
ലോക്കല്‍ ട്രെയ്ന്‍ സര്‍വീസുകളെയാണ് അപകടം ബാധിച്ചത്. ഇതോടെ പതിനായിരക്കണക്കിന് യാത്രക്കാര്‍ വലഞ്ഞു. ലോക്കല്‍ ട്രെയ്‌നുകളില്‍ ഏറ്റവും തിരക്കുള്ള സമയത്താണ് അപകടം നടന്നത്. ട്രെയ്ന്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് അധികൃതര്‍. ബാന്ദ്ര-ഗോര്‍ഗാവ് പാതയിലാണ് അപകടമുണ്ടായത്. ഈ രണ്ടു സ്റ്റേഷനുകള്‍ക്കിടയിലെ നാലു ലൈനുകളിലും സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. മേല്‍പ്പാലത്തിനു മുകളിലൂടെയുള്ള വാഹന ഗതാഗതവം തടഞ്ഞിട്ടുണ്ട്.