സ്വത്തുക്കള്‍ ഭാര്യയുടേയും പെണ്‍മക്കളുടേയും പേരില്‍; മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥന് കുടുംബ സമേതം ജയില്‍

കൊച്ചി- മുന്‍ കസ്റ്റംസ് മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കുടുംബത്തോടെ രണ്ടു വര്‍ഷം കഠിന തടവുശിക്ഷ വിധിച്ച് കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതി. കോഴിക്കോട് കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണറായിരുന്ന ഇരിങ്ങാലക്കുട സ്വദേശി പി.ആര്‍.വിജയനും (73) കുടുംബത്തിനുമാണ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ 2 വര്‍ഷം കഠിനതടവും 2.50 കോടി രൂപ പിഴയും വിധിച്ചത്.

കസ്റ്റംസ് ഉദ്യോഗസ്ഥനായിരിക്കെ വഴി വിട്ട മാര്‍ഗങ്ങളിലൂടെ 78.90 ലക്ഷത്തിലധികം രൂപയുടെ അനധികൃത സ്വത്ത് ഇദ്ദേഹം സമ്പാദിച്ചതായാണ് സി ബി ഐ കണ്ടെത്തിയത്. ഔദ്യോഗിക പദവി ദുരുപയോഗിച്ചു വിജയന്‍ ഇതില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണു സിബിഐയുടെ ആരോപണം. കണ്ടെത്തിയ സ്വത്തുകള്‍ ഭാര്യയുടെയും മൂന്നു പെണ്‍മക്കളുടെയും പേരിലായതിനാലാണ് അവര്‍ക്കും സമാനശിക്ഷ ലഭിച്ചത്. വിജയന്റെ മരുമകന്‍ യുഎഇയില്‍നിന്നു ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും 50 ലക്ഷം രൂപ അയച്ചതിന്റെ രേഖകള്‍ കേസന്വേഷണത്തില്‍ സിബിഐ കണ്ടെത്തിയിരുന്നു. അതിലെ തുടര്‍നടപടികളെ ഇപ്പോഴത്തെ വിധി ബാധിക്കില്ലെന്നു ജഡ്ജി കെ.കെ.ബാലകൃഷ്ണന്‍ വ്യക്തമാക്കി.

കള്ളക്കടത്തിന് ഒത്താശ ചെയ്ത് കസ്റ്റംസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ കോഴപ്പണം സമ്പാദിക്കുന്നുവെന്ന ആരോപണം ശക്തമായി നില്‍ക്കുമ്പോഴാണ് സി ബി ഐ കോടതി കടുത്ത ശിക്ഷാ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളം വഴി നടത്തിയ കള്ളക്കടത്ത് പിടികൂടിയ കേസില്‍ 13 കസ്റ്റംസ് ജീവനക്കാര്‍ക്കെതിരെ സിബിഐ കോടതിയില്‍ മാസങ്ങള്‍ക്ക് മുമ്പ് കുറ്റപത്രം നല്‍കിയിരുന്നു. വന്‍തുക കൈക്കൂലി വാങ്ങി കസ്റ്റംസ് തീരുവ ചുമത്താതെ വിദേശ കറന്‍സി, മദ്യം, വിദേശ ഉല്‍പ്പന്നങ്ങള്‍ എന്നിവ അടങ്ങിയ ബാഗേജുകള്‍ കള്ളക്കടത്തുകാര്‍ക്ക് വിട്ടുനല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

 

 

Latest News