പുളിക്കൽ- തന്റെ ആത്മഹത്യക്ക് കാരണം പുളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണെന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിൽ തൂങ്ങി മരിച്ച റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യാ കുറിപ്പുണ്ടെന്ന് അദ്ദേഹത്തിന്റെ സഹോദരനും സി.പി.എം നേതാവുമായ ജമാൽ പയമ്പ്രോട്ട്. സി.പി.എം ഭരിക്കുന്ന പുളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് ആത്മഹത്യ കുറിപ്പിലുണ്ടെന്നും ഇക്കാര്യം പോലീസ് ഉദ്യോഗസ്ഥൻ തനിക്ക് വായിച്ചു കേൾപ്പിച്ചു തന്നിട്ടുണ്ടെന്നും ജമാൽ ആരോപിച്ചു. റസാഖിന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും മാലിന്യകേന്ദ്രം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് ഉപവാസം അനുഷ്ടിക്കുന്ന യു.ഡി.എഫ് ജനപ്രതിനിധികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജമാൽ.
മാലിന്യ കേന്ദ്രത്തിന് എതിരെ നിരന്തരം പരാതി നൽകിയിരുന്നുവെന്നും ജമാൽ പറഞ്ഞു. എന്നാൽ ഒന്നും അംഗീകരിക്കപ്പെട്ടില്ല. മാലിന്യകേന്ദ്രം പൂട്ടാനുള്ള മുഴുവൻ അധികാരവും പഞ്ചായത്തിന് ഉണ്ടായിരുന്നിട്ടും അത് പാലിക്കാൻ സി.പി.എം തയ്യാറായില്ലെന്നും ജമാൽ പറഞ്ഞു.