Sorry, you need to enable JavaScript to visit this website.

നിപ്പ വൈറസ് ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെയന്ന് സ്ഥിരീകരണം

കോഴിക്കോട്- കേരളത്തെ ആശങ്കയിലാക്കിയ മാരക നിപ്പ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെയാണ് സ്ഥിരീകരിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) നടത്തിയ പഠനം. നിപ്പ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത  പേരാമ്പ്രയിലെ ചങ്ങരോത്തില്‍ നിന്ന് ആദ്യഘട്ടത്തില്‍ പിടികൂടി പരിശോധിച്ച 21 വവ്വാലുകളില്‍ നിപ്പ വൈറസ് സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. പ്രാണികളേയും ചെറുജീവികളേയും ഭക്ഷിക്കുന്ന വവ്വാലുകളായിരുന്നു ഇവ. തുടര്‍ന്ന് രണ്ടാം ഘട്ട പരിശോധനയ്ക്കായി പിടികൂടിയ 51 വവ്വാലുകളില്‍ ഉള്‍പ്പെട്ട പഴംതീനി വവ്വാലുകളില്‍ ചിലതില്‍ നിപ്പ വൈറസ് സാന്നിധ്യം ഐ.സി.എം.ആര്‍ നടത്തിയ വിഗദ്ധ പരിശോധനയില്‍ കണ്ടെത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ കേരളത്തില്‍ പൊട്ടിപ്പുറപ്പെട്ട നിപ്പാ വൈറസ് ബാധയുടെ ഉറവിടം തേടിയുള്ള അന്വേഷണം വിജയം കണ്ടു.

പേരാമ്പ്രയില്‍ നിന്ന് പിടികൂടിയ പഴംതീനി വവ്വാലുകളില്‍ നിപ്പ വൈറസ് സാന്നിധ്യം ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡയും വ്യക്തമാക്കി. മേയില്‍ ആദ്യം പിടികൂടിയ വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ല. ഇതാണ് ഉറവിടം കണ്ടെത്താന്‍ വൈകിയത്. രണ്ടാം ഘട്ടത്തില്‍ കെണിവച്ചു പിടികൂടിയ പഴംതീനി വവ്വാലുകളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും ഒരു ഐ.സി.എം.ആര്‍ ശാസ്ത്രജ്ഞന്‍ പറഞ്ഞു.

നിപ്പ വൈറസ് ബാധയേറ്റ് കോഴിക്കോട്ടും മലപ്പുറത്തും 17 പേരാണ് മരിച്ചത്. വൈറസ് ബാധയേറ്റ് രണ്ടു പേര്‍ ചികിത്സയിലൂടെ സുഖം പ്രാപിക്കുകയും ചെയ്തു. ജൂണ്‍ ഒന്നിനു ശേഷം നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് സര്‍ക്കാര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ്പ വിമുക്ത ജില്ലകളായി പ്രഖ്യാപിച്ചത്. ഇതിനു തൊട്ടു പിറകെയാണ് നിപ്പയുടെ ഉറവിടം സംബന്ധിച്ച സ്ഥിരീകരണം വരുന്നത്.
 

Latest News