ഒ.ടി.ടിയിലും പുകവലി വിരുദ്ധ മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാക്കി

ന്യൂദല്‍ഹി-ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പുകവലി വിരുദ്ധ മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. തിയേറ്ററുകളിലും ചാനലുകളിലും കാണിക്കുന്നത് പോലെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ പുകവലി വിരുദ്ധ മുന്നറിയിപ്പുകള്‍ കാണിക്കണമെന്നാണ് നിര്‍ദേശം. ലോക പുകയില വിരുദ്ധ ദിനത്തിലാണ് 2004ലെ സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടൊബാക്കോ പ്രോഡക്ട്‌സ് ആക്ടില്‍ ഭേദഗതി വരുത്തി കേന്ദ്രം ഉത്തരവിറക്കിയിരിക്കുന്നത്.
13നും 15നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളില്‍ അഞ്ചിലൊന്ന് പേരും ഏതെങ്കിലും രൂപത്തിലുള്ള പുകയില ഉപയോഗിക്കുന്നവരാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വര്‍ധിച്ചുവരുന്ന ജനപ്രീതിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിജ്ഞാപനമനുസരിച്ച്, പുകയില ഉത്പന്നങ്ങളോ അവയുടെ ഉപയോഗമോ പ്രദര്‍ശിപ്പിക്കുമ്പോള്‍ സ്‌ക്രീനിന്റെ അടിയില്‍ പുകയില വിരുദ്ധ മുന്നറിയിപ്പ് ഉള്‍പ്പെടുത്തണം. പ്രോഗ്രാമിന്റെ തുടക്കത്തിലും മധ്യത്തിലും കുറഞ്ഞത് 30 സെക്കന്‍ഡ് വീതം പുകയില വിരുദ്ധ മുന്നറിയിപ്പ് സന്ദേശം ഉള്‍പ്പെടുത്തണം. കൂടാതെ, പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുറഞ്ഞത് 20 സെക്കന്‍ഡിന്റെ ഓഡിയോ-വിഷ്വല്‍ സന്ദേശവും പരിപാടിയുടെ തുടക്കത്തിലും അവസാനവും പ്രദര്‍ശിപ്പിക്കണം. നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ആരോഗ്യ മന്ത്രാലയത്തിനും പ്രക്ഷേപണ മന്ത്രാലയത്തിനും കര്‍ശന നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.
    രാജ്യത്തെ തീയേറ്ററുകളിലും ടെലിവിഷനുകളിലും ലഹരിക്കെതിരായ മുപ്പത് സെക്കന്റ് വീഡിയോ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും നിലവില്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ ഇത് പിന്തുടരുന്നില്ല. രാജ്യത്ത് പ്രായപൂര്‍ത്തി ആകാത്ത കുട്ടികളില്‍ ലഹരിയുടെ ഉപയോഗം വര്‍ധിക്കുന്നു എന്ന 2019 ലെ ഗ്ലോബല്‍ യൂത്ത് ടുബാക്കോ സര്‍വേയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത്തരം ഉള്ളടക്കടങ്ങള്‍ യുവതലമുറയെ ലക്ഷ്യമിടുന്നതായി പൊതുജനാരോഗ്യ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. 13നും 15നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളില്‍ അഞ്ചിലൊന്ന് പേരും ഏതെങ്കിലും രൂപത്തിലുള്ള പുകയില ഉപയോഗിക്കുന്നവരാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
    വിജ്ഞാപനത്തിലെ സബ് റൂള്‍ (1) ന്റെ ക്ലോസ് (ബി) ല്‍ വ്യക്തമാക്കിയിട്ടുള്ളത് പ്രകാരം പുകയില വിരുദ്ധ മുന്നറിയിപ്പ് സന്ദേശം വ്യക്തമായതും വായിക്കാന്‍ സാധിക്കുന്നതുമാകണം. വെളുത്ത പശ്ചാത്തലത്തില്‍ കറുത്ത നിറത്തിലുള്ള ഫോണ്ടില്‍ 'പുകയില ക്യാന്‍സറിന് കാരണമാകുന്നു', 'പുകയില ആരോഗ്യത്തിന് ഹാനികരം' എന്ന് കാണിക്കണം. ഉള്ളടക്കം ഏത് ഭാഷയില്‍ ഉള്ളതാണോ അതേ ഭാഷയില്‍ തന്നെ ഈ മുന്നറിയിപ്പുകളും പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശം. സിഗരറ്റിന്റെയോ മറ്റ് പുകയില വസ്തുക്കളുടെയോ ബ്രാന്‍ഡുകളുടെ പേരുകളും പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. വിജ്ഞാപനം പുറത്തിറക്കുന്നതിന് മുന്നോടിയായി നെറ്റ്ഫ്ളിക്സ്, ആമസോണ്‍, ഹോട്സ്റ്റാര്‍ എന്നിവരോട് ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.

 

Latest News