കൊണ്ടോട്ടി- പുളിക്കൽ ഗ്രാമപഞ്ചായത്തിൽ തൂങ്ങിമരിച്ചത് റസാഖ് പയമ്പ്രോട്ട് അല്ലെന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ റസാഖ് കെട്ടിത്തൂക്കുകയായിരുന്നുവെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. റസാഖ് പയമ്പ്രോട്ട് പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ തൂങ്ങി മരിച്ചതിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്ക ണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്തിൽ യു.ഡി.എഫ് ജനപ്രതിനിധികൾ നടത്തുന്ന ഉപവാസത്തിന് ഐക്യദാർഢ്യമറിയിച്ച് യു.ഡി.എഫ് നടത്തുന്ന സമരത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഷാജി. നവ കമ്യൂണിസത്തിന്റെ ഇരയാണ് സഖാവ് റസാക്ക്. നീതിക്ക് വേണ്ടി കയറി ഇറങ്ങി ഒടുവിൽ നീതി നിഷേധത്തിന്റെ പ്രതിഷേധമായി സ്വന്തം പാർട്ടി ഭരിക്കുന്ന പഞ്ചായത്തിൽ തൂങ്ങി മരിച്ചിട്ടും സി.പി.എം ന്യായീകരണവുമായാണ് രംഗത്തുവരുന്നത്.
ഒരു മാടമ്പിയാണ് പുളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പദവിയൊക്കെ വലിയ എന്തോ കാര്യമാണ് എന്ന മട്ടിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ജനങ്ങൾക്കാണ് പരമാധികാരം എന്ന കാര്യം പ്രസിഡന്റും സി.പി.എമ്മിന്റെ ഏരിയ സെക്രട്ടറിയുമൊക്കെ മനസിലാക്കണം. റസാഖിന് നേരെയുണ്ടായ നീതി നിഷേധത്തെ യു.ഡി.എഫ് എതിർക്കുക തന്നെ ചെയ്യും.
ഏതു കക്കൂസിൽനിന്നുമുള്ള പണം വാരിത്തിന്നുകയാണ് സി.പി.എം. മാസാമാസം പണം തരുന്ന ധനാഢ്യൻമാർ മാത്രമാണ് സി.പി.എമ്മിന് ജനം. എല്ലാ അധികാരത്തിന്റെ ഊഷ്മളതയും ധനാഢ്യൻമാർക്കാണ് സി.പി.എം സമ്മാനിക്കുന്നത്. മുഖ്യമന്ത്രി കോടികൾ വാങ്ങുമ്പോൾ പുളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കിണ്ടിയും കോളാമ്പിയും വാങ്ങും. നാട്ടിലെ ഏതെങ്കിലും പണക്കാരന് എന്തെങ്കിലും സംഭവിച്ചാൽ മുഖ്യമന്ത്രിയും പഞ്ചായത്ത് പ്രസിഡന്റുമൊക്കെ ഇളകും. എത്രയോ മനുഷ്യരുടെ ശാപമുണ്ട് പുളിക്കൽ പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരക്ക് എന്ന് ഓർക്കണമെന്നും ഷാജി മുന്നറിയിപ്പ് നൽകി.