Sorry, you need to enable JavaScript to visit this website.

ബി. സന്ധ്യ ഇന്ന് പടിയിറങ്ങുന്നു; നിയമ പാലനത്തിന് സംവേദനത്തിന്റെ സൗരഭ്യം

കേരള ഫയർ ഫോഴ്‌സ് മേധാവി ഡോ. ബി. സന്ധ്യ ഐ.പി.എസ് മുപ്പത്തഞ്ചു വർഷത്തെ പോലീസ് സേവനത്തിനു ശേഷം ഇന്ന് 
പടിയിറങ്ങുകയാണ്. പൊലിമയാർന്ന ഔദ്യോഗിക ജീവിതത്തിൽ നേട്ടങ്ങളുടെ ഒരു പട്ടിക തന്നെ അവർക്കുണ്ട്.  അതിവിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ രണ്ടു തവണ അവരെ തേടിയെത്തുകയുണ്ടായി.  
കേരളത്തിലെ പോലീസ് സംവിധാനം അടിമുടി പൊളിച്ചെഴുതിയ 2008 ലെ പോലീസ് ആക്റ്റ് റവ്യൂ കമ്മിറ്റിയുടെ കൺവീനർ സന്ധ്യയായിരുന്നു.  രാഷ്ട്രീയ - ഭരണ മീമാംസകർക്കും ചരിത്ര ഗവേഷകർക്കും വിദ്യാർത്ഥികൾക്കും വളരെയേറെ പ്രയോജനം ചെയ്യുന്ന പോലീസ് ഹിസ്റ്ററി വെബ്‌സൈറ്റ് രൂപകൽപന ചെയ്തത് ഡോ. സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു.  കേരള പോലീസിന്റെ ഇരുന്നൂറ് വർഷത്തെ ചരിത്രവും ഇന്ത്യയിലെ പോലീസ് സംവിധാനത്തിന്റെ തുടക്കം മുതലുള്ള വളർച്ചയും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  ലോക പോലീസ് സേനയുടെ ഉത്ഭവത്തെക്കുറിച്ചും ഇതിൽ വിശദമായി പരാമർശിക്കുന്നുണ്ട്.
നിയമപരിപാലന രംഗത്ത് വിപ്ലവാത്മക മാറ്റത്തിനു നാന്ദി കുറിച്ച ജനമൈത്രി പോലീസ് സംവിധാനത്തിന്റെ ഉപജ്ഞാതാവും അവർ ആയിരുന്നു.  ഈ ജനമൈത്രി പോലീസ് സംവിധാനം ഇന്ത്യക്ക് മുഴുവൻ മാതൃകയാണെന്ന് മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് പ്രസ്താവിച്ചത് ഡോ. സന്ധ്യയുടെ മികവിന്റെ അംഗീകാരമായിരുന്നു.  അവരുടെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിന്റെ മാതൃകയിൽ എല്ലാ സംസ്ഥാനങ്ങളിലും സെമിനാറുകൾ സംഘടിപ്പിക്കണമെന്ന് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരോടും പ്രധാനമന്ത്രി ആവശ്യപ്പെടുക പോലുമുണ്ടായി.  ഇതിനോടാനുബന്ധിച്ചു അമേരിക്കയിലെ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് വിമൻ പോലീസിന്റെ വിശിഷ്ട വ്യക്തികൾക്കുള്ള 2010 ലെ അന്താരാഷ്ട്ര അംഗീകാരവും അവർക്ക് ലഭിച്ചു. ഇതൊക്കെയാണെങ്കിലും കേരളത്തിലെ ആദ്യത്തെ മുഖ്യ വനിത ഡി.ജി.പി ആവാനുള്ള അവസരം രാഷ്ട്രീയ കാരണങ്ങളാൽ തലനാരിഴക്കാണ് അവർക്ക് നഷ്ടപ്പെട്ടത്. 
ബി. സന്ധ്യക്ക് കലയും സാഹിത്യവും ഒരു ഉന്മാദമാണ്.  അവർ നോവലിസ്റ്റാണ്, കഥാകൃത്താണ്, കവയിത്രിയാണ്, ചിത്രകാരിയാണ്. ഒരു നല്ല പ്രസംഗകയുമാണ്. പോലീസ് മേധാവി എന്നതിലുപരി ഒരു കവയിത്രിയായി അറിയാനാണ് തനിക്കിഷ്ടമെന്ന് സന്ധ്യ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.  ധാരാളം കവിത സമാഹാരങ്ങൾ അവർ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്.   ഓരോ കവിതക്കുമൊപ്പവും സ്വയം വരച്ച അനുയോജ്യമായ രേഖാചിത്രങ്ങളും ഒരു ചിത്രകാരിയായ സന്ധ്യ ചേർക്കാറുണ്ട്.  സുകുമാർ അഴീക്കോടിനെ സന്ദർശിച്ച ആവേശത്തിൽ ഒരു വാരികയിൽ 'എനിക്കിങ്ങനെയേ ആവാൻ കഴിയൂ' എന്ന തലക്കെട്ടിൽ സന്ധ്യ എഴുതിയ കവിത വലിയ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി.  
കൃത്യമായും പത്തു വർഷങ്ങൾക്കു മുമ്പ്  2013 മെയ് മാസത്തിലായിരുന്നു ആ സംഭവ വികാസങ്ങൾ.  പത്രക്കാരെയും ദൃശ്യ മാധ്യമക്കാരെയും രാഷ്ട്രീയക്കാരെയും കച്ചവടക്കാരെയും സർക്കാർ ഉദ്യോഗസ്ഥരെയും കാമഭ്രാന്തന്മാരെയും പ്രതിക്കൂട്ടിലാക്കി ഒരു പൗരന്റെ മനോഗതത്തോടെ രോഷം പ്രകടിപ്പിക്കുന്ന ഈ കവിതയുടെ പേരിൽ ഡി.ജി.പി വിശദീകരണം ചോദിക്കുകയും ചീഫ് സെക്രട്ടറി താക്കീത് ചെയ്യുകയുമുണ്ടായി. 'മലയാളം ന്യൂസ്' പത്രത്തിൽ സന്ധ്യ എഴുതിയ 'അലിയൂ ആ നീല വിഹായസ്സിൽ' എന്ന കവിത അക്ഷരത്തിന്റെ അഭിമാനത്തിനേറ്റ ആഘാതത്തിനെതിരെയുള്ള പ്രതികരണമായി വ്യാഖ്യാനിക്കപ്പെട്ടു. 'മലയാള മനോരമ' ഉൾപ്പെടെയുള്ള പ്രമുഖ മലയാള പത്രങ്ങൾ അതു പുനഃ പ്രസിദ്ധീകരിച്ചു.  
സന്ധ്യയുടെ രചനകളിൽ ഒരുപക്ഷേ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും സജീവമായി ചർച്ച ചെയ്യപ്പെട്ടതും 'ഇതിഹാസങ്ങളുടെ ഇതളുകൾ' എന്ന നോവൽ ആയിരിക്കും. ഈ മാതൃഭൂമി പ്രസിദ്ധീകരണത്തിന് ഇതിനകം ഏഴ് എഡിഷനുകൾ വന്നുകഴിഞ്ഞു. രാമായണത്തിന്റെ പുനർവായന എന്ന് ഇതിനെ വിശേഷിപ്പിക്കുന്നവർ ധാരാളം.  
രാമകഥകളെ അടിസ്ഥാനമാക്കി ആയിരക്കണക്കിന് സാഹിത്യ കൃതികൾ  യുഗാന്തരങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട പശ്ചാത്തലത്തിൽ ഇനിയും ഒരു രാമായണാനുബന്ധ കഥക്കു ലോകത്തിൽ ഇടം കിട്ടുമെന്ന വിശ്വാസമാണ് തന്റേതായ കഥ ധൈര്യപൂർവം പറയാൻ അവർക്ക് പ്രചോദനമേകിയത്.  
റിട്ടയർ ചെയ്യുന്നതോടെ സാഹിത്യ രചന അവർ തുടരുമെന്നുറപ്പാണ്. അതു അവരുടെ ജീവിത ദൗത്യമാണ്.  ജീവചരിത്രം എഴുതാനുള്ള പുറപ്പാടിലാണ്.  നാട്ടിലെ പ്രമാദമായ പല കേസുകളും അന്വേഷിച്ചിട്ടുള്ള അവരിൽ നിന്നും കേരളം പല തുറന്നുപറച്ചിലുകളും അതിലൂടെ പ്രതീക്ഷിക്കുന്നുണ്ട്.

Latest News