കൊണ്ടോട്ടി- ജീവിതത്തിൽ ഒരിക്കലും കമ്യൂണിസ്റ്റ്് പാർട്ടിയെ വിശ്വസിക്കരുതെന്ന് മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ മഞ്ഞളാംകുഴി അലി. പുളിക്കൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ തൂങ്ങി മരിച്ച റസാഖ് പയമ്പ്രോട്ടിന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അലി. ഇടതുമുന്നണിയുടെ ഭാഗമായി ആദ്യമായി എം.എൽ.എ ആയതിന്റെ അനുഭവം വെച്ചാണ് ഒരിക്കലും സി.പി.എമ്മിനെയും കമ്യൂണിസ്റ്റ് പാർട്ടിയെയും വിശ്വസിക്കരുതെന്ന് പറയുന്നതെന്നും അലി വ്യക്തമാക്കി. ആദ്യമായി എം.എൽ.എ ആയ സമയത്ത് താനടക്കം നാൽപത് പേരാണ് പ്രതിപക്ഷത്തുണ്ടായിരുന്നത്. സംസ്ഥാനത്ത് വികസനം നടപ്പാക്കാൻ വേണ്ടി എ.ഡി.ബിയിൽനിന്ന് വായ്പയെടുക്കാൻ യു.ഡി.എഫ് തീരുമാനിച്ചതോടെ എൽ.ഡി.എഫ് പ്രതിഷേധവുമായി രംഗത്തെത്തി. യു.ഡി.എഫിന്റെ കാലത്ത് സംസ്ഥാനം വികസിച്ചാൽ പിന്നീട് ഒരിക്കലും തിരിച്ചുവരാൻ സാധിക്കില്ല എന്നായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ അടക്കമുള്ളവരുടെ കാഴ്ചപ്പാട്. എ.ഡി.ബിക്ക് എതിരായ സമരം ശക്തമാക്കുകയായിരുന്നു പാർട്ടി. എന്നാൽ പിന്നീട് അധികാരത്തിൽ വന്ന ഇടതുമുന്നണി എ.ഡി.ബിയെ കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്.
യു.ഡി.എഫ് എക്‌സ്പ്രസ് ഹൈവേക്ക് വേണ്ടി രംഗത്തെത്തിയപ്പോഴും സി.പി.എം എതിർപ്പുമായി വന്നു. ഗോപാലേട്ടന്റെ പശുവിന് ഒരു പറമ്പിൽനിന്ന് മറ്റൊരു പറമ്പിലേക്ക് പോകാനാകില്ല എന്നായിരുന്നു ന്യായം. എന്നാൽ പിന്നീട് പിണറായി വിജയൻ അധികാരത്തിൽ എത്തിയപ്പോൾ സിൽവർ ലൈൻ റെയിൽവേ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഒരിക്കലും സി.പി.എമ്മിനെ വിശ്വസിക്കാനാകില്ല. അധികാരത്തിലിരിക്കുന്ന സമയത്ത് ഒന്നും പ്രതിപക്ഷത്താകുമ്പോൾ മറ്റൊന്നും എന്ന നിലയിലാണ് സി.പി.എം പ്രവർത്തിക്കുന്നത്. റസാഖിന്റെ മരണത്തിന് കാരണവും സി.പി.എം നേതാക്കളുടെ അഹങ്കാരവും ധാർഷ്ട്യവുമാണെന്നും മഞ്ഞളാംകുഴി അലി പറഞ്ഞു.