റിയാദ് - ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ക്കും ജോലിയും യാത്രാ, താമസ സൗകര്യങ്ങളും മറ്റു സഹായങ്ങളും നല്‍കുന്നതിനെതിരെ ജവാസാത്ത് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ഇത്തരക്കാര്‍ക്ക് ആറു മാസം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും. നിയമ ലംഘകര്‍ക്ക് സഹായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന വിദേശികളെ നാടുകടത്തും. നിയമ ലംഘകരുടെ എണ്ണത്തിനനുസരിച്ച് അവര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും.
ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് റിക്രൂട്ട്‌മെന്റ് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. കൂടാതെ സ്ഥാപനത്തിന്റെ മാനേജര്‍ക്ക് ആറു മാസം തടവു ശിക്ഷയും ലഭിക്കും. വിദേശികളായ മാനേജര്‍മാരെ നാടുകടത്തും. നിയമ ലംഘകരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. ശിക്ഷാ നടപടികള്‍ ഒഴിവാക്കുന്നതിന് ഇഖാമ, തൊഴില്‍ നിയമ ലംഘകരെ കുറിച്ച് സൗദികളും വിദേശികളും വിവരങ്ങള്‍ നല്‍കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.