മണിപ്പൂരില്‍ സമാധാനത്തിന് രാഷ്ട്രപതി ഇടപെടണമെന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ദ്രൗപതി മുര്‍മുവിനെ നേരില്‍കണ്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.  

നിരാശയോടും നഷ്ടബോധത്തോടെയുമാണ് രാഷ്ട്രപതിക്ക് നിവേദനം സമര്‍പ്പിച്ചതെന്നും ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ പിന്തുണയും കോണ്‍ഗ്രസ് നല്‍കുമെന്നും അടിയന്തര നടപടികള്‍ക്ക് 12 ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമര്‍പ്പിച്ചതായും ഖാര്‍ഗേ ട്വീറ്റ് ചെയ്തു. തുടക്കത്തില്‍ തന്നെ അക്രമം നേരിടുന്നതില്‍ വീഴ്ച സംഭവിച്ചതായും അതുതന്നെയാണ് ഇപ്പോഴും സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും പറഞ്ഞ ഖാര്‍ഗോ അസാധാരണ സംഭവങ്ങളാണ് മണിപ്പൂരിലുണ്ടാകുന്നതെന്നും വിശദമാക്കി. 

സുപ്രിം കോടതിയില്‍ നിലവിലുള്ളതോ വിരമിച്ചതോ ആയ ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം മണിപ്പൂര്‍ സംഘര്‍ഷത്തിലുണ്ടാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളുടെയെല്ലാം നടത്തിപ്പും പരിപാലനവും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും എല്ലാവര്‍ക്കും ശരിയായ ആരോഗ്യ ശുചിത്വ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. 

എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍, മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി ഇബോബി സിങ്, കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്നിക്, മുന്‍ ഉപമുഖ്യമന്ത്രി ഗൈഖംഗം, പി. സി. സി. പ്രസിഡന്റ് കെയ്ഷാം മേഘചന്ദ്ര സിങ്, എ. ഐ. സി. സി. മണിപ്പൂര്‍ ചാര്‍ജുള്ള ഭക്ത് ചരണ്‍ ദാസ് എന്നിവരും ഖാര്‍ഗേയ്ക്കൊപ്പമുണ്ടായിരുന്നു.

Latest News