മോസ്‌കോയ്ക്ക് നേരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം

മോസ്‌കോ: റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ ആദ്യമായി യുക്രെയ്ന്‍ മോസ്‌കോയെ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടത്തി. റഷ്യയിലെ സാധാരണക്കാരുടെ ജീവന് ഭീഷണിയാകില്ലെന്ന കരുതലില്‍ നിന്നുള്ള മാറ്റമാണിത്. 

യുക്രെയ്‌നെതിരെ റഷ്യ പ്രതിദിനം നിരവധി ആക്രമണങ്ങള്‍ നടത്താറുണ്ടെങ്കിലും യുക്രെയ്ന്‍ ഭാഗത്തു നിന്നും ആദ്യമായാണ് ഇത്തരമൊരു ആക്രമണം നടക്കുന്നത്. യുക്രെയ്ന്‍ തലസ്ഥാനമായ കീവിനു നേരെ ചൊവ്വാഴ്ച മാത്രം 24 മണിക്കൂറിനകം മൂന്ന് വ്യോമാക്രമണങ്ങളാണ് റഷ്യ നടത്തിയത്. 

മോസ്‌കോയ്ക്ക് പുറത്ത് വലയില്‍ താഴ്ന്നു പറക്കുന്ന ഒരു ഡ്രോണ്‍ പൊട്ടിത്തെറിക്കുന്നതും മറ്റുള്ളവ നഗരത്തിലെ വീടുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും മുകളിലൂടെ സഞ്ചരിക്കുന്നതും സാമൂഹ്യ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിച്ചു. എട്ട് ഡ്രോണുകളാണ് ഒറ്റരാത്രി നഗരത്തെ ലക്ഷ്യം വെച്ചതെന്നാണ്  റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞത്. എന്നാല്‍ മുപ്പതിലേറെ ഡ്രോണുകള്‍ ആക്രമണത്തില്‍ പങ്കെടുത്തുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.  

മോസ്‌കോ മേഖലയിലെ അഞ്ച് വ്യത്യസ്ത പ്രദേശങ്ങളില്‍ ഡ്രോണുകള്‍ക്കു നേരെ വെടിവെച്ചതായി റഷ്യന്‍ പാര്‍ലമെന്റ് അംഗം അലക്സാണ്ടര്‍ ഖിന്‍ഷെയിന്‍ തന്റെ ടെലിഗ്രാം ചാനലില്‍ എഴുതി. റഷ്യന്‍ രാഷ്ട്രീയത്തിലെ സമ്പന്നമായ പ്രാന്തപ്രദേശമായ റുബ്ലിയോവ്കയ്ക്ക് മുകളിലൂടെ പറക്കുന്ന രണ്ടെണ്ണമെങ്കിലും വെടിവെച്ചവയില്‍ ഉള്‍പ്പെടുന്നു. വ്‌ളാഡിമിര്‍ പുടിന്റെ നോവോ-ഒഗാരിയോവോ സ്റ്റേറ്റ് വസതി ഉള്‍പ്പെടെ ഇവിടെയുണ്ട്. 

റഷ്യക്കാരെ ഭയപ്പെടുത്താനാണ് യുക്രെയ്ന്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞ പുടിന്‍ 'ഉയര്‍ന്ന കൃത്യതയുള്ള ആയുധങ്ങള്‍' ഉപയോഗിച്ച് യുക്രെയ്നിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുക മാത്രമാണ് റഷ്യന്‍ സൈന്യം ചെയ്യുന്നതെന്നും അവകാശപ്പെട്ടു.

മോസ്‌കോയുടെ വ്യോമാതിര്‍ത്തിയില്‍ ഡ്രോണുകള്‍ കയറാന്‍ അനുവദിച്ചതിന് നിരവധി പ്രമുഖ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പ്രതിരോധ മന്ത്രാലയത്തിന് നേരെ തിരിഞ്ഞു. മോസ്‌കോയില്‍ ഷെല്ലാക്രമണം തടയാന്‍ കീവ്  പിടിച്ചെടുക്കേണ്ടത് ആവശ്യമാണെന്നും എല്ലാ ശക്തികളെയും മാര്‍ഗങ്ങളെയും അതിനായി അണിനിരത്തേണ്ടതുണ്ടെന്നും പീറ്റര്‍ ടോള്‍സ്റ്റോയ് പറഞ്ഞു.

വരും ആഴ്ചകളില്‍ യുക്രെയ്ന്‍ പ്രത്യാക്രമണം നടത്തുമെന്ന് നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നു. മോസ്‌കോയ്‌ക്കെതിരായ ഡ്രോണ്‍ ആക്രമണത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് വലിയ ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിന് റഷ്യന്‍ വ്യോമ പ്രതിരോധത്തെ മുന്‍നിരകളില്‍ നിന്ന് അകറ്റാനുള്ള തന്ത്രമായിരിക്കാമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

Latest News