റോക്കറ്റുണ്ടാക്കാന്‍ എന്തുകൊണ്ട് വേദ വിദ്യ ഉപയോഗിക്കുന്നില്ല; ഇസ്രോ ചെയര്‍മാനെ ചോദ്യം ചെയ്ത് സയന്‍സ് സൊസൈറ്റി

ബെംഗളൂരു- യാഥാര്‍ത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ഐ.എസ്.ആര്‍.ഒ (ഇസ്രോ) ചെയര്‍മാന്‍ എസ്.സോമനാഥിനെ ചോദ്യം ചെയ്ത് ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും കൂട്ടായ്മയായ ബ്രേക്ക്ത്രൂ സയന്‍സ് സൊസൈറ്റി (ബിഎസ്എസ്).ശാസ്ത്ര സംഘടനകളുടെ അധികാരികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ശാസ്ത്രത്തിന്റെ ധാര്‍മ്മികതയാണ് അവരുടെ പ്രഭാഷണത്തില്‍ പ്രതിഫലിപ്പിക്കേണ്ടതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. ലോഹശാസ്ത്രം, ജ്യോതിഷം, ജ്യോതിശാസ്ത്രം, എയറോനോട്ടിക്കല്‍ സയന്‍സ്, ഭൗതികശാസ്ത്രം തുടങ്ങി വിവിധ ശാഖകളില്‍ ശാസ്ത്രത്തിന്റെ വലിയ വികാസങ്ങള്‍ പ്രാചീന ഇന്ത്യയില്‍ നടന്നിരുന്നുവെന്നും പിന്നീട് അറബികള്‍ അവ യൂറോപ്പിലേക്ക് കൊണ്ടുപോയെന്നുമുള്ള സോമനാഥിന്റെ അവകാശ വാദങ്ങളാണ് ബി.എസ്.എസ് ചോദ്യം ചെയ്യുന്നത്.
മേയ് 24ന് മഹര്‍ഷി പാണിനി സംസ്‌കൃതവേദിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ നടത്തിയ സോമനാഥിന്റെ പ്രസംഗം യാഥാര്‍ഥ്യബോധമില്ലത്തതാണെന്ന് ബി.എസ്.എസ് ആരോപിച്ചു.
പുരാതന ഇന്ത്യയിലെ ശാസ്ത്ര നേട്ടങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസംഗം അതിശയോക്തിപരമാണ്. ആളുകളുടെ, പ്രത്യേകിച്ച് വിദ്യാര്‍ഥികളുടെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ശ്രമം.
പുരാതന ഇന്ത്യയിലെ അറിവുകളാണ് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുശേഷം ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെന്ന് അവകാശപ്പെട്ട് യൂറോപ്യന്മാര്‍ നമ്മിലേക്ക് തിരികെ കൊണ്ടുവന്നതെന്നും സോമനാഥ് പറഞ്ഞിരുന്നു.
സോമനാഥനോടുള്ള ലളിതമായ ചോദ്യം ഇതാണ്: ജ്യോതിശാസ്ത്രം, എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് മുതലായവയില്‍ ഉന്നതമായ അറിവ് സംസ്‌കൃതത്തിലെ പുരാതന ഗ്രന്ഥങ്ങളില്‍ ലഭ്യമാണെങ്കില്‍, എന്തുകൊണ്ട് ഐ.എസ്.ആര്‍.ഒ അവ ഉപയോഗിക്കുന്നില്ല. റോക്കറ്റോ ഉപഗ്രഹമോ നിര്‍മ്മിക്കാന്‍ വേദങ്ങളില്‍നിന്ന് ഐ.എസ്.ആര്‍.ഒ എടുത്ത് പ്രയോഗിച്ച ഒരു സാങ്കേതികവിദ്യയോ സിദ്ധാന്തമോ കാണിക്കാമോ?
ശാസ്ത്രം വികസിക്കുന്നത് പഴയ ആശയങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ്. നമ്മുടെ പ്രാചീനമായ അറിവ് ശ്രേഷ്ഠമാണെന്ന അയഥാര്‍ത്ഥ വാദങ്ങള്‍ വിദ്യാര്‍ത്ഥികളെ ആശയക്കുഴപ്പത്തിലാക്കുമെന്നും ശാസ്ത്രീയമായ മനസ്സിന്റെ വികാസത്തെ തടസ്സപ്പെടുത്തുമെന്നും ബി.എസ്.എസ് ചൂണ്ടിക്കാട്ടി. ഇത് ഫലത്തില്‍ ഇന്ത്യയിലെ ശാസ്ത്ര പുരോഗതിയെ പിന്നോട്ടടിപ്പിക്കുകയേയുള്ളൂവെന്നും പ്രസ്താവനയില്‍  കൂട്ടിച്ചേര്‍ത്തു.

 

Latest News