Sorry, you need to enable JavaScript to visit this website.

കോഴിക്കോട് ഫാറൂഖ് കോളജിന് ആദ്യ വനിതാ പ്രിന്‍സിപ്പല്‍

കോഴിക്കോട് - ഫാറൂഖ് കോളജ് പ്രിന്‍സിപ്പലായി ഡോ. കെ.എ ഐഷ സ്വപ്നയെ തെരഞ്ഞെടുത്തു.
നിലവില്‍ കോളജിലെ ഇംഗ്ലീഷ് വകുപ്പ് അസോസിയേറ്റ് പ്രൊഫസറാണ്.
എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഫാറൂഖ് കോളജിന്റെ ആദ്യ വനിതാ പ്രിന്‍സിപ്പലായാണ് ഐഷ സ്വപ്‌ന ചുമതലയേല്‍ക്കുന്നത്. ദേശീയ, അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങളും വിവിധ പുസ്തകങ്ങളില്‍ വിഷയസംബന്ധമായ അധ്യായങ്ങളും എഴുതിയിട്ടുണ്ട്.  2017 ലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടിയത്.
എറണാകുളം മഹാരാജാസില്‍നിന്നാണ് മാസ്റ്റര്‍ ഡിഗ്രി പൂര്‍ത്തിയാക്കിയത്. തൃശൂര്‍ സ്വദേശിയായ ഐഷ ഇപ്പോള്‍ ഫാറൂഖ് കോളജിന് സമീപത്താണ് താമസം. നിലവിലെ പ്രിന്‍സിപ്പല്‍ ഡോ. കെ.എം നസീര്‍ ഇന്ന് വിരമിക്കുന്ന ഒഴിവില്‍ ഐഷ സ്വപ്‌ന ഉത്തരവാദിത്തമേറ്റെടുക്കും.
സ്വയംഭരണ കോളെജ് എന്ന നിലക്ക് വലിയ സാധ്യതയാണ് വരും കാലത്ത് ഫാറൂഖാബാദിനുള്ളതെന്നും ഇത് മുന്‍നിറുത്തി ദേശീയ തലത്തില്‍ ശ്രദ്ധേയമായ ഒരു സ്ഥാപനമാക്കി ഫാറൂഖ് കോളജിനെ മാറ്റുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും പുതിയ സ്ഥാനലബ്ധിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഐഷ സ്വപ്ന മലയാളം ന്യൂസിനോട് പറഞ്ഞു.  ജെ.ഡി.ടി ഇസ്‌ലാം ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ. മഖ്ബൂല്‍ ആണ് ഭര്‍ത്താവ്.

 

 

Latest News