എയര്‍ ഇന്ത്യ വിമാനത്തില്‍ ക്രൂ അംഗത്തെ മര്‍ദിച്ച യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി

ന്യൂദല്‍ഹി- എയര്‍ ഇന്ത്യ വിമാനത്തില്‍ ജോലിക്കാരനെ ആക്രമിച്ച യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
ഗോവയില്‍നിന്ന് ദല്‍ഹിയിലേക്കു വന്ന എയര്‍ഇന്ത്യ വിമാനത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. ദല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി എയര്‍ ഇന്ത്യ അറിയിച്ചു.
അടുത്തിടെയായി വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ ജീവനക്കാരോട് മോശമായി പെരുമാറുന്ന സംഭവങ്ങള്‍ വര്‍ധിച്ചിരിക്കയാണ്. ഗോവയില്‍ നിന്ന് ദല്‍ഹിയിലേക്കു വന്ന എ.ഐ882 വിമാനത്തിലാണ് പുതിയ സംഭവം.
യാത്രക്കാരന്‍ ക്രൂ അംഗങ്ങളെ അസഭ്യം പറയുകയും വിമാനത്തിലുണ്ടായിരുന്ന ഒരാളെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു. ദല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷവും യാത്രക്കാരന്‍ പ്രകോപനമില്ലാതെ അക്രമാസക്തമായി. സംഭവത്തെക്കുറിച്ച് ഞങ്ങള്‍ സിവില്‍ ഏവിയേഷന്‍ ഡയരക്ടര്‍ ജനറലിനും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ വക്താവ്  പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ വളരെ പ്രധാനമാണെന്നും യാത്രക്കാരന്റെ അനിയന്ത്രിതമായ പെരുമാറ്റത്തെ ശക്തമായി അപലപിക്കുന്നുവെന്നും ക്രൂ അംഗങ്ങള്‍ക്ക് ഞങ്ങള്‍ എല്ലാ പിന്തുണയും നല്‍കുമെന്നും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
ഏപ്രില്‍ 10 ന് ദല്‍ഹി-ലണ്ടന്‍ വിമാനത്തില്‍ രണ്ട് വനിതാ ക്യാബിന്‍ ക്രൂ അംഗങ്ങളെ ശാരീരികമായി ഉപദ്രവിച്ച  വ്യക്തിക്ക് എയര്‍ ഇന്ത്യ രണ്ട് വര്‍ഷത്തെ വിമാന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

 

Latest News