കോഴിക്കോട് - ഒളവണ്ണയിലെ ഹോട്ടലുടമ തിരൂർ സ്വദേശി സിദ്ദിഖിന്റെ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതികളിലൊരാളും മുഖ്യ പ്രതി ഷിബിലിയുടെ പെൺസുഹൃത്തുമായ ഫർഹാന.
'കൊല ഹണി ട്രാപ് അല്ല. സിദ്ദീഖിന്റെ കയ്യിൽ നിന്ന് ഒരു രൂപ പോലും ഞാൻ വാങ്ങിയിട്ടില്ല. താൻ ആരേയും കൊന്നിട്ടില്ലെന്നും എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയാണെന്നുമാണ് ഫർഹാന പറഞ്ഞത്. കൃത്യം നടക്കുമ്പോൾ മുറിയിലുണ്ടായിരുന്നു. എന്നാൽ, എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖുമാണ്. ഷിബിലിക്കും ആഷിക്കിനും ഒപ്പം നിന്നു. ഷിബിലിയും സിദ്ദീഖും തമ്മിൽ റൂമിൽ വച്ചു തർക്കം ഉണ്ടായിരുന്നുവെന്നും ഫർഹാന തെളിവെടുപ്പിനായുള്ള യാത്രയ്ക്കിടെ വാഹനത്തിൽ വച്ച് വെളിപ്പെടുത്തി.
പ്രതി ഫർഹാനയുടെ വീട്ടിലും അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കൊലപാതക സമയത്ത് പ്രതികൾ ധരിച്ചിരുന്ന വസ്ത്രം കൊലയ്ക്ക് ശേഷം വീടിന്റെ പിറകിൽ കൊണ്ടുവന്നു കത്തിച്ചിരുന്നു. അവയുടെ അവശിഷ്ടം പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ 18ന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടൽ ഡി കാസയിൽ വച്ചാണ് സിദ്ദിഖ് കൊല്ലപ്പെട്ടത്. തുടർന്ന് മൃതദേഹം വെട്ടിമുറിച്ച് രണ്ട് ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരം വളവിലെ കൊക്കയിൽ തള്ളുകയായിരുന്നു. അതിനിടെ, ഹോട്ടൽ പ്രവർത്തിച്ചത് കോർപ്പറേഷൻ ലൈസൻസോ മലിനീകരണ നിയന്ത്രണ ബോർഡിൽനിന്നുള്ള അനുമതിയോ ഇല്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഹോട്ടൽ അടച്ചുപൂട്ടിയിരിക്കുകയാണ്.