Sorry, you need to enable JavaScript to visit this website.

ദ്രവവാതക ഇന്ധന ശേഖരം: കൊല്ലം തീരത്ത് 5,500 മീറ്റർ ആഴത്തിൽ ഖനനം ചെയ്യാൻ പദ്ധതി

കൊല്ലം- കൊല്ലം ആഴക്കടലിൽ ഇന്ധന പര്യവേഷണത്തിന് സാധ്യത തെളിയുന്നു. ദ്രവവാതക ഇന്ധന ശേഖരം കണ്ടെത്തുന്നതിന് കൊല്ലത്തിനു സമീപം ആഴക്കടലിൽ അടുത്ത വർഷം മധ്യത്തോടെ പര്യവേഷണം ആരംഭിക്കും. അസം കേന്ദ്രമായ പൊതുമേഖല സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ് ആണ് പര്യവേഷണം നടത്തുന്നത്. 
ഇന്ധന സാന്നിധ്യം കണ്ടെത്താനായാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക, വികസനത്തിൽ വലിയ കുതിച്ചു കയറ്റമുണ്ടാകും. കൊല്ലം തുറമുഖത്തു നിന്നു 26 നോട്ടിക്കൽ മൈൽ അകലെ പര്യവേഷണം നടത്താനാണ് പദ്ധതി. 5,500 മീറ്റർ വരെ ആഴത്തിൽ ഖനനം ചെയ്യാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. കൂറ്റൻ കപ്പലും ടഗും ഉപയോഗിച്ചാണ് പര്യവേഷണം. ഭൂകമ്പ മാതൃകയിലുള്ള തരംഗം അടിത്തട്ടിലേക്ക് കടത്തിവിട്ട്, അതിന്റെ തിരിച്ചുള്ള പ്രകമ്പനത്തിന്റെ തോത് ശാസ്ത്രീയമായി വിശകലനം ചെയ്താണ് പര്യവേഷണം നടത്തുന്നത്. ഓയിൽ ഇന്ത്യയുടെ കാക്കിനാട യൂനിറ്റ് ആണ് വിദഗ്ധരെ നിയോഗിക്കുന്നതും യന്ത്രസാമഗ്രികൾ വാടകയ്ക്ക് എടുക്കുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ആവശ്യമായ കൂറ്റൻ പൈപ്പുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ എത്തിക്കുന്നതും ജീവനക്കാർക്കുള്ള ഭക്ഷണം, കുടിവെള്ളം എന്നിവ സംഭരിക്കുന്നതും തുറമുഖം വഴിയായിരിക്കും. പര്യവേഷണവുമായി ബന്ധപ്പെട്ട് ചില സ്വകാര്യ സ്ഥാപനങ്ങളുടെയും ഓയിൽ ഇന്ത്യയുടെയും പ്രതിനിധികൾ തുറമുഖം സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. പര്യവേഷണത്തിന് നാവിക സേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്. പര്യവേഷണം നടത്താൻ ലക്ഷ്യമിടുന്ന മേഖലയിൽ 2020 ഡിസംബറിനും 2021 ജനുവരിക്കും ഇടയിൽ പ്രാഥമിക സർവേയിൽ ഇന്ധന സാന്നിധ്യത്തിന്റെ സൂചന ലഭിച്ചിരുന്നു. ആഴക്കടലിൽ ക്രൂഡ് ഓയിലിന്റെ സാന്നിധ്യമുള്ള 18 മേഖലകൾ സർവേയിൽ തിരിച്ചറിഞ്ഞിരുന്നു എന്നാണ് വിവരം. പര്യവേഷണത്തിൽ മതിയായ നിലയിൽ ഇന്ധന സാന്നിധ്യം കണ്ടെത്താനായാൽ കൊല്ലം തുറമുഖത്തിനു വലിയ നേട്ടമാകും. ഖനനം ചെയ്യുന്ന ഇന്ധനം സംസ്‌കരണത്തിനായി കൊണ്ടുപോകുന്നത് കൊല്ലം തുറമുഖം വഴിയായിരിക്കും. ഇന്ധന പ്രകൃതി വാതക കോർപറേഷൻ നേരത്തെ കൊച്ചിക്കു സമീപം ആഴക്കടലിൽ ഇന്ധന സാന്നിധ്യം കണ്ടെത്താൻ പര്യവേഷണം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. വാണിജ്യാടിസ്ഥാനത്തിൽ ഖനനം ചെയ്യുന്നതിനുള്ള ഇന്ധന ലഭ്യത ഇല്ലെന്നായിരുന്നു കണ്ടെത്തൽ. കൊല്ലത്ത് വാണിജ്യാടിസ്ഥാനത്തിൽ ഇന്ധന ലഭ്യത ഉണ്ടെന്ന് കണ്ടെത്തിയാൽ മാത്രമെ പദ്ധതി വിജയിക്കുകയുള്ളൂ. കൊല്ലത്തിന്റെ വാണിജ്യ പ്രാധാന്യത്തിന് എണ്ണ പര്യവേഷണം പ്രതീക്ഷ നൽകുന്നു.

Latest News