ഇസ്രായില്‍ വെടിവെപ്പില്‍ ഫലസ്തീനി യുവാവ് കൊല്ലപ്പെട്ടു

ജറൂസലം- അതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയെന്നാരോപിച്ച് ഇസ്രായില്‍ സേന ഫലസ്തീനിയെ വെടിവെച്ചു കൊന്നു. നാല് ഫലസ്തീനി ഭീകരരാണ് നുഴഞ്ഞു കയറി ആളില്ലാത്ത കാവല്‍ കേന്ദ്രത്തിനു തീയിടാന്‍ ശ്രമിച്ചതെന്ന് ഇസ്രായില്‍ സേന അറിയിച്ചു. പരിക്കേറ്റ ഒരാള്‍ ഗാസയിലേക്ക് രക്ഷപ്പെട്ടു. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാമനെ ചോദ്യം ചെയ്തുവരികയാണെന്നും സൈനിക വക്താവ് പറഞ്ഞു. റഫാ പട്ടണത്തിന്റെ കിഴക്കാണ് സംഭവം. ഗാസയിലേക്ക് രക്ഷപ്പെട്ട ഫലസ്തീനിക്കും പരിക്കുണ്ട്. സംഭവത്തിനിടെ ഫലസ്തീനികളുടെ ഭാഗത്തുനിന്നും വെടിവെപ്പിന്റെ ശബ്ദം കേട്ടെങ്കിലും ആര്‍ക്കും പരിക്കില്ലെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു.
മാര്‍ച്ച് 30 ന് ഗാസ അതിര്‍ത്തിയില്‍ പ്രതിഷേധവും സംഘര്‍ഷവും ആരംഭിച്ചതിനു ശേഷം 138 ഫലസ്തീനികളെയാണ് ഇസ്രായില്‍ വകവരുത്തിയത്. ഫലസ്തീനികള്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയെന്ന് ഇസ്രായില്‍ സൈന്യം ആരോപിക്കുന്നുണ്ടെങ്കിലും ഇസ്രായില്‍ ഭാഗത്ത് ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗാസയില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ട ഹമാസ് മിലിറ്ററി കമാന്‍ഡറുടെ 11 കാരനായ മകന്റെ ഖബറടക്ക ചടങ്ങില്‍ ശനിയാഴ്ച ആയിരങ്ങളാണ് പങ്കെടുത്തത്. ഖാന്‍ യൂനിസിനു തെക്കാണ് യാസര്‍ അബു അല്‍ നജയെന്ന ബാലന്‍ കൊല്ലപ്പെട്ടത്.

 

Latest News