Sorry, you need to enable JavaScript to visit this website.

പുണ്യകർമം ചെയ്ത് അലവിക്കുട്ടി പുണ്യഭൂമിയിലേക്ക്

റോഡിന് സ്ഥലം നൽകിയ അലവിക്കുട്ടിയെ മുസ്‌ലിം ലീഗ് പ്രവർത്തകർ ആദരിക്കുന്നു.

വേങ്ങര- ഹജ് തീർഥാടനത്തിനുള്ള യാത്രക്ക് മുമ്പ് നാടിന് വേണ്ടി പുണ്യകർമം ചെയ്ത് അലവിക്കുട്ടിയുടെ മാതൃക. വലിയോറ പാണ്ടികശാലയിലെ തുമ്പിൽ അലവിക്കുട്ടിയാണ് നാട്ടിൽ റോഡ് നിർമിക്കാൻ സ്ഥലം സൗജന്യമായി വിട്ടു നൽകിയത്. വേങ്ങര പഞ്ചായത്ത് 17-ാം വാർഡിലെ വലിയോറ തേർക്കയം ബാക്കിക്കയം പുഴയോരം തീരദേശ റോഡിനായാണ് ലക്ഷങ്ങൾ വിലവരുന്ന തന്റെ ഭൂമിയിൽ നിന്ന് നാല് സെന്റ് സ്ഥലം സൗജന്യമായി അലവിക്കുട്ടി നൽകിയത്. വേങ്ങര ഗ്രാമപഞ്ചായത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തു നടപടികൾ പൂർത്തിയാക്കി. 17-ാം വാർഡ് മുസ്്‌ലിം ലീഗ് സെക്രട്ടറിയും പ്രദേശത്തെ സാമൂഹിക പ്രവർത്തകനുമാണ് അലവിക്കുട്ടി. സ്ഥലം ലഭിച്ചതോടെ പത്തോളം കുടുംബങ്ങൾക്ക് റോഡ് എന്ന സ്വപ്നം യാഥാർഥ്യമാവുകയാണ്. ഇവിടെ പുഴയോരത്ത് സംരക്ഷണ ഭിത്തി കെട്ടി റോഡാക്കാൻ വേങ്ങര ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ 12 ലക്ഷം രൂപ വകയിരുത്തിയതായി വാർഡ് മെമ്പർ യൂസുഫലി വലിയോറ പറഞ്ഞു.
അലവിക്കുട്ടിയെ 17-ാം വാർഡ് മുസ്്‌ലിം ലീഗ് കമ്മിറ്റി ആദരിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ. കുഞ്ഞാലൻകുട്ടി ഉപഹാരം സമർപ്പിച്ചു. മണ്ഡലം മുസ്്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. പാറക്കൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്്‌ലിം ലീഗ് സെക്രട്ടറി ടി.വി. ഇക്ബാൽ, വാർഡ് മെമ്പർ യൂസഫലി വലിയോറ, ടി. കുഞ്ഞവറാൻ, പി. സിറാജുദ്ദീൻ, ടി. അബ്ദുൽസലാം, ടി. റാഫി, തൂമ്പിൽ അലവിക്കുട്ടി എന്നിവർ പ്രസംഗിച്ചു.

Latest News