Sorry, you need to enable JavaScript to visit this website.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് സാന്ത്വനമായി അദാലത്ത്

എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നേതാവ് മുനീസ അമ്പലത്തറ മന്ത്രി മുഹമ്മദ് റിയാസിന് മുന്നിൽ ദുരിതബാധിതരുടെ വിഷയം അവതരിപ്പിക്കുന്നു.

കാസർകോട്- എൻഡോസൾഫാൻ ദുരിതബാധിതർക്ക് കരുതലും കൈത്താങ്ങുമായി' അദാലത്ത്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യമായി നൽകിയിരുന്ന മരുന്നും വാഹന സൗകര്യവും തുടർന്നും ഉറപ്പു വരുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഹൊസ്ദുർഗ് താലൂക്ക് അദാലത്തിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറയും സെക്രട്ടറി അമ്പലത്തറ കുഞ്ഞിക്കൃഷ്ണനുമാണ് ദുരിതബാധിതരുടെ സങ്കടാവസ്ഥ പരാതിയായി മന്ത്രിക്ക് അരികിലെത്തിച്ചത്. ഉടൻ തന്നെ ഇക്കാര്യത്തിൽ വേണ്ട ഇടപെടലുകൾ അദ്ദേഹം നടത്തുകയായിരുന്നു. രോഗികൾക്കുള്ള മരുന്നു വിതരണം മുടങ്ങരുതെന്നും രോഗികൾക്ക് ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പോകാനുള്ള വാഹനം വിട്ടു നൽകണമെന്നും മന്ത്രി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും മന്ത്രി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസിനോട് നിർദേശിച്ചു. കാസർകോട് നടന്ന അദാലത്തിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ മെഡിക്കൽ ക്യാമ്പ് നടത്താനും എൻഡോസൾഫാൻ ദുരിതബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുള്ള സെൽ തീരുമാനം അടിയന്തരമായി നടപ്പിലാക്കാൻ സെൽ ചെയർമാൻ കൂടിയായ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദേശം നൽകിയിരുന്നു. മെഡിക്കൽ ക്യാമ്പിന് ആവശ്യമായ ഡോക്ടർമാരെ ലഭ്യമാക്കാൻ അദാലത്തിൽ വന്ന ദുരിത ബാധിതരുടെ അപേക്ഷകൾ പരിഗണിച്ച് മന്ത്രി അഹമ്മദ് ദേവർകോവിലും ആരോഗ്യ വകുപ്പിന് നിർദേശം നൽകിയിരുന്നു. ഇതുസംബന്ധിച്ച് മന്ത്രിമാർ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.
ദേശീയാരോഗ്യ ദൗത്യം വഴിയാണ് നേരത്തെ മരുന്നും വാഹന സൗകര്യവും ദുരിതബാധിതർക്ക് നൽകിയിരുന്നത്. എന്നാൽ കേന്ദ്ര ഫണ്ട് നിലച്ചതോടെ മരുന്നു വിതരണവും വാഹന സൗകര്യവും നിലയ്ക്കുകയായിരുന്നു. ഇതിനിടയിൽ 2022-23 വാർഷിക പദ്ധതിയിൽ സംസ്ഥാന സർക്കാർ ഇടപെട്ട് കാസർകോട് വികസന പാക്കേജ് മുഖേന മരുന്നിനും ചികിത്സയ്ക്കും തുക അനുവദിച്ചിരുന്നു. പുതിയ സാമ്പത്തിക വർഷത്തിലേക്ക് ആവശ്യമായ ഫണ്ടിന്റെ അനുമതിക്കായി ധനകാര്യ വകുപ്പിന്റെ അനുമതി കാത്തിരിക്കുകയായിരുന്നു. മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടതോടെ വരും ദിവസം തന്നെ ഫണ്ട് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടം വാങ്ങിയും മറ്റുള്ളവർ സഹായിച്ചും ദീർഘനാൾ മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു ദുരിതബാധിതർ. ഇതിനിടയിലാണ് കരുതലും കൈത്താങ്ങുമായി സർക്കാർ വീണ്ടും ദുരിതബാധിർക്ക് സാന്ത്വനമാകുന്നത്.
ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ ധനമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായി ചർച്ച ചെയ്യും. യോഗം ജൂണിൽ തിരുവനന്തപുരത്ത് ചേരുമെന്ന് മന്ത്രി അറിയിച്ചു. 

Latest News