ഇറാന്‍ പ്രതിപക്ഷ റാലിക്കിടെ സ്‌ഫോടനത്തിന് പദ്ധതിയിട്ട ദമ്പതികള്‍ അറസ്റ്റില്‍

ബ്രസ്സല്‍സ്- ഫ്രാന്‍സില്‍ ഇറാന്‍ പ്രതിപക്ഷ ഗ്രൂപ്പിന്റെ പ്രകടനത്തിടെ ബോംബ് ആക്രമണത്തിനു പദ്ധതിയിട്ട ദമ്പതികള്‍ ബെല്‍ജിയത്തില്‍ പിടിയിലായി. ബെല്‍ജിയം പൗരത്വമുള്ള അമീര്‍ എസ്, നസീമ എന്‍ എന്നിവരാണ് പിടിയിലായതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. പാരീസ് പ്രാന്തത്തിലെ വില്ലെപിന്റെയില്‍ ശനിയാഴ്ച ഇറാന്‍ വിപ്രവാസ പ്രതിപക്ഷ ഗ്രൂപ്പ് സംഘടിപ്പിച്ച റാലിക്കിടെ ബോംബ് സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതി. പീപ്പിള്‍സ് മുജാഹിദീന്‍ ഓഫ് ഇറാനാണ് പ്രകടനം സംഘടിപ്പിച്ചിരുന്നത്. ദമ്പതികള്‍ക്ക് വിചാരണ നടത്തി കടുത്ത ശിക്ഷ ഉറപ്പുവരുത്തുമെന്ന് ബെല്‍ജിയം ഫെഡറല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ഗൂഢാലോചനയുമായി ബന്ധപ്പെട്ട മൂന്ന് പേര്‍ പാരീസിലും പിടിയിലായി. ബെല്‍ജിയത്തില്‍ അറസ്റ്റിലായ ദമ്പതികളുമായുള്ള ബന്ധം സ്ഥിരീകരിക്കാന്‍ ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതര്‍ പറഞ്ഞു.

Latest News