Sorry, you need to enable JavaScript to visit this website.

റസാഖിന്റെ ആത്മഹത്യ; പ്ലാസ്റ്റിക് മാലിന്യ കേന്ദ്രം വീണ്ടും തുറക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

നാട്ടുകാരുടെ പ്രതിഷേധം

കൊണ്ടോട്ടി- ഇടതു സാംസ്‌കാരിക പ്രവര്‍ത്തകന്‍ റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യയെ തുടര്‍ന്ന് വിവാദമായ കൊട്ടപ്പുറം പാണ്ടിയാട്ട്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റ് വീണ്ടും തുറക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. റസാഖ് പയമ്പ്രോട്ട് പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ആത്മഹത്യ ചെയ്ത ദിവസം പോലിസ് ഇടപെട്ട് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. വീണ്ടും തുറക്കാനുള്ള ശ്രമമാണ് നാട്ടുകാരും റസാഖിന്റെ കുടുംബങ്ങളും ചേര്‍ന്ന് പ്രതിഷേധിച്ചതോടെ നിര്‍ത്തിവെപ്പിച്ചത്. കരിപ്പൂര്‍ പോലിസ് സ്ഥലത്തെത്തിയാണ് വീണ്ടും പ്ലാന്റ് അടപ്പിച്ചത്.
  ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ കേന്ദ്രം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. നൂറ് കിലോയോളം വരുന്ന ഉപയോഗ ശുന്യമായ കാര്‍ഡ്‌ബോര്‍ഡുകളും പ്ലാസ്റ്റിക് കുപ്പികളും ഹൈഡ്രോളിക് യന്ത്രം ഉപയോഗിച്ച് കെട്ടുകളാക്കാനുള്ള അനുമതിയാണ് ഈ സ്ഥാപനത്തിനുള്ളത്.എന്നാല്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവിടെ സംസ്‌കരിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. 2020 ല്‍ തന്നെ ഇതിനെതിരേ പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു. പിന്നീടാണ് റസാഖിന്റെ മൂത്ത സഹോദരന്റെ മരണം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റ് മൂലമാണെന്ന് പരാതിയുമായി റസാഖ് രംഗത്തെത്തിയത്. ഇടതു ഭരണമുള്ള പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഇതില്‍ നടപടികള്‍ളെടുക്കാതെയായതോടെയാണ് റസാഖ് ആത്മഹത്യ ചെയ്തത്.
  അതിനിടെ റസാഖ് പയമ്പ്രോട്ട് ഗ്രാമപഞ്ചായത്തിനടക്കം നല്‍കിയ പരാതിയില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് റസാഖിന്റെ ഭാര്യ ഷീജ കൊണ്ടോട്ടി പോലിസില്‍ പരാതി നല്‍കി. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരേയാണ് പരാതി. ഇതില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുടേയും പാര്‍ട്ടിയുടേയും നിലപാടികളും അന്വേഷണത്തിന്റെ പരിധിയില്‍ വരണം. പുളിക്കല്‍ പഞ്ചായത്ത് ഓഫിസില്‍ ആത്മഹത്യ ചെയ്ത സമയത്ത് റസാഖ് തന്റെ പരാതികള്‍ കഴുത്തില്‍ തൂക്കിയിരുന്നു. ഇവ കോടതിയിലാണ്. റസാഖിന്റെ മരണത്തില്‍ പോലിസ് കേസെടുത്തിരുന്നു. ഇതിന് പുറമെയാണ് ഭാര്യയുടെ പരാതി.

 

 

Latest News