22 കുത്തേറ്റ് ദല്‍ഹിയില്‍ പെണ്‍കുട്ടിയുടെ മരണം; പ്രതിയായ യുവാവ് യു.പിയില്‍ അറസ്റ്റിലായി

ന്യൂദല്‍ഹി- ദല്‍ഹിയില്‍ പതിനാറുകാരിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. ദല്‍ഹിയിലെ ഷാഹ്ബാദില്‍ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ 20 കാരനായ സാഹിലിനെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിന് സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് പെണ്‍കുട്ടിയെ തലയ്ക്ക് കത്തി കൊണ്ട് കുത്തിയും കല്ലെറിഞ്ഞും സാഹില്‍ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തെരുവില്‍ വെച്ച് ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ 22 കുത്തുകളുണ്ടായിരുന്നു. കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കൊലപാതകം നടക്കുന്ന സമയത്ത് തെരുവില്‍ നിരവധി പേര്‍ കാഴ്ചക്കാരായി നില്‍ക്കുന്നുണ്ടായിരുന്നു. ആരും പ്രതിയെ പിടിച്ചുമാറ്റാനോ ആക്രമണം തടയാനോ ശ്രമച്ചിരുന്നില്ല.
സുഹൃത്തിന്റെ വീട്ടിലെ പിറന്നാള്‍ ആഘോഷത്തിന് പോകുന്നതിനിടെയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതെന്ന്് പോലീസ് പറഞ്ഞു. ദല്‍ഹിയിലെ ക്രമസമാധാന നില തകര്‍ന്നിരിക്കയാണെന്ന് പോലീസിന വിമര്‍ശിച്ച്  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

 

Latest News