Sorry, you need to enable JavaScript to visit this website.

ഓഹരി സൂചിക മൺസൂൺ ആഘോഷമാക്കാനുള്ള ഒരുക്കത്തിൽ

തെക്ക് പടിഞ്ഞാറൻ മൺസൂൺ വരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ. ഫണ്ടുകളിൽ നിന്നുള്ള ശക്തമായ വാങ്ങലുകളിൽ തിളക്കമാർന്ന പ്രകടനത്തോടെയാണ് നിഫ്റ്റി ജൂൺ സീരീസിന് തുടക്കം കുറിച്ചത്. മഴ മേഘങ്ങളെ സാക്ഷിനിർത്തി  നിഫ്റ്റി 18,888 പോയന്റിലെ റെക്കോർഡ് തകർക്കാനുള്ള സാധ്യതകളും തെളിയുന്നു. ഒന്നര ശതമാനം മികവ് കാണിച്ച നിഫ്റ്റി പോയ വാരം മൊത്തം 281 പോയന്റ് വർധിച്ചപ്പോൾ ബോംബെ സെൻസെക്‌സ് 737 പോയന്റ് ഉയർന്നു. 
വ്യാഴാഴ്ച നടന്ന മെയ് സീരീസ് സെറ്റിൽമെന്റിന് മുന്നോടിയായി ഊഹക്കച്ചവടക്കാർ നടത്തിയ ഷോട്ട് കവറിങ് വിപണിക്ക് പുത്തൻ ഉണർവ് പകർന്നു. അതേസമയം വിപണിയുടെ ഡെയ്‌ലി, വീക്കിലി ചാർട്ടുകളിൽ ടെക്‌നിക്കൽ ഇൻഡിക്കേറ്ററുകൾ പലതും ഓവർ ബ്രോട്ടായത് ഈ വാരം സാങ്കേതിക തിരുത്തലിന് ഇടയാക്കാം. 
തൊട്ട് മുൻവാരം 18,450 ന് മുകളിൽ ഇടം പിടിക്കാൻ ക്ലേശിച്ച നിഫ്റ്റിയെ ഫണ്ട് ബയ്യിങിൽ 18,203 ൽ നിന്നും തിങ്കളാഴ്ച ഉയർത്തിയെടുത്തു. ആഭ്യന്തര വിദേശ ഫണ്ടുകൾ സംയുക്തമായി നടത്തിയ വാങ്ങലുകൾ കണ്ട് പ്രദേശിക നിക്ഷപകരും രംഗത്ത് അണിനിരന്നതോടെ സൂചിക 18,508 വരെ ഉയർന്ന ശേഷം ക്ലോസിങിൽ 18,499 ലാണ്. 
വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ അടുത്ത മാസം നിഫ്റ്റി സർവകാല റെക്കോർഡ് പ്രകടനം കാഴ്ചവെക്കാം. അതായത് 18,888 പോയന്റിന് മുകളിൽ ഇടം കണ്ടെത്താം. ഡെയ്‌ലി ചാർട്ടിൽ ഈ വാരം 18,298 ലെ താങ്ങ് നിലനിർത്തി സൂചിക 18,604 ലേക്കും തുടർന്ന് 18,709 പോയന്റിലേക്കും ഉയരാം. ആദ്യ താങ്ങിൽ കാലറിടറിയാൽ 18,097 ലേക്ക് തിരുത്തലിന് സാധ്യത. സൂചികയുടെ 21 ഡേ മൂവിങ് ആവറേജ് 18,237 പോയന്റാണ്. 
സെൻസെക്‌സ് 61,729 പോയന്റിൽ നിന്നും മികവോടെയാണ് വ്യാപാരം തുടങ്ങിയത്. ഒരു ഘട്ടത്തിൽ സൂചിക 61,483 ലേക്ക് തളർന്ന ശേഷമുള്ള തിരിച്ചുവരവിൽ സെൻസെക്‌സ് അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരമായ 62,529 പോയന്റിലേയ്ക്ക് കയറി കരുത്ത് കാണിച്ചെങ്കിലും വ്യാപാരാന്ത്യം 62,501 പോയന്റിലാണ്.
ലോങ് ടേമിലേക്ക് വീക്ഷിച്ചാൽ സെൻസെക്‌സ് 64,250 റേഞ്ചിലേക്ക് സഞ്ചരിക്കാം. ഈ വാരം 62,859 നെ ലക്ഷ്യമാക്കിയാവും ആദ്യ ചുവടുവെപ്പ്. സൂചികക്ക് 61,813 ൽ താങ്ങ് നിലനിൽക്കുവോളം 63,217 വരെ മുന്നേറാനുള്ള കരുത്ത് പ്രദർശിപ്പിക്കാം. 
മിഡ് ക്യാപ് സൂചിക 26,705 ലേക്ക് മുന്നേറി കരുത്ത് പ്രദർശിപ്പിച്ചു. 2021 ഒക്ടോബറിൽ രേഖപ്പെടുത്തിയ റെക്കോർഡ് നിലവാരമായ 27,246.34 പോയന്റിലേയ്ക്കുള്ള ദൂരം കേവലം രണ്ട് ശതമാനം അകലെയാണ്. അനുകൂല വാർത്തകൾ പുറത്തു വന്നാൽ ജൂൺ ആദ്യ പകുതിയിൽ മിഡ് ക്യാപ് സൂചിക റെക്കോർഡ് തിളക്കം കൈവരിക്കാം.  
ബി എസ് ഇ ഐ റ്റി സൂചിക 3.69 ശതമാനം ഉയർന്നു. ഹെൽത്ത് കെയർ, എഫ് എം സി ജി, റിയാലിറ്റി സൂചികകൾ മൂന്ന് ശതമാനത്തിന് മുകളിൽ നേട്ടം കൈവരിച്ചു. നിഫ്റ്റി മെറ്റൽ സൂചിക 5.6 ശതമാനവും ഫാർമ നാല് ശതമാനവും മീഡിയ, ഹെൽത്ത് കെയർ, ഇൻഫർമേഷൻ ടെക്‌നോളജി സൂചികകളും മുന്നേറി. 
മുൻനിര ഓഹരിയായ ഐ റ്റി സി 5.67 ശതമാനം മികവിൽ 443 രൂപയായി. സൺ ഫാർമ, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയവ നാല് ശതമാനം മുന്നേറിയപ്പോൾ ഇൻഫോസീസ്, റ്റി സി എസ്, മാരുതി ഓഹരി വിലകൾ മൂന്ന് ശതമാനം തിളങ്ങി. ആർ ഐ എൽ, എസ് ബി ഐ, എം ആൻറ് എം, ടാറ്റാ സ്റ്റീൽ, ഇൻഡസ് ബാങ്ക്, എയർ ടെൽ, എച്ച് യു എൽ, ആക്‌സിസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക് ഓഹരി വിലകളും ഉയർന്നു. 
രൂപയുടെ മൂല്യം 82.66 ൽ നിന്നും 82.86 ലേക്ക് ദുർബലമായെങ്കിലും വെളളിയാഴ്ച 82.49  ലേക്ക് കരുത്ത് നേടിയ ശേഷം ക്ലോസിങിൽ 82.56 ലാണ്. ഈ വാരം രൂപ കരുത്തിന് ശ്രമിച്ചാൽ 82.20 ആദ്യ തടസ്സമുണ്ട്, ദുർബലമായാൽ 82.87 വരെ നീങ്ങാം.  
വിദേശ ഫണ്ടുകൾ മൊത്തം 3231 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. മേയിൽ അവരുടെ മൊത്തം നിക്ഷപം 20,607 കോടി രൂപയാണ്. ആഭ്യന്തര ഫണ്ടുകൾ പോയ വാരം 3482 കോടി രൂപ നിക്ഷേപിച്ചു. ഈ മാസം ആഭ്യന്തര വിദേശ ഫണ്ടുകൾ മൊത്തം 37,317 കോടി രൂപയുടെ ഓഹരികൾ വാങ്ങി, 2022 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിക്ഷേപം.
ക്രൂഡ് ഓയിൽ മികവിനുള്ള ശ്രമത്തിലാണ്. വർഷത്തിന്റെ രണ്ടാം പകുതിയിൽ എണ്ണക്ക് ഡിമാന്റ് ഉയരുമെന്ന വിലയിരുത്തൽ താഴ്ന്ന റേഞ്ചിൽ നിന്നും ക്രൂഡ് ഓയിലിനെ ബാരലിന് 72.96 ഡോളറിലെത്തിച്ചു.   
ആഗോള സ്വർണ മാർക്കറ്റ് വിൽപനക്കാരുടെ നിയന്ത്രണത്തിൽ. മുൻവാരങ്ങളിൽ സൂചിപ്പിച്ച പോലെ ഉയർന്ന റേഞ്ചിൽ പിടിച്ചു നിൽക്കാൻ സ്വർണം ക്ലേശിക്കുകയാണ്. 
ട്രോയ് ഔൺസിന് 1977 ഡോളറിൽ നിന്നും 1938 ലേക്ക് ഇടിഞ്ഞങ്കിലും വാരാന്ത്യം 1946 ഡോളറിലാണ്. സ്വർണത്തിന് നിലവിൽ 1954 ഡോളറിൽ പ്രതിരോധവും 1915-1898 ഡോളറിൽ താങ്ങും പ്രതീക്ഷിക്കാം. 

Latest News