Sorry, you need to enable JavaScript to visit this website.

കുരുമുളക് വിപണി കരുത്താർജിക്കുന്നു

ആഭ്യന്തര അന്വേഷണങ്ങളുടെ മികവിൽ കുരുമുളക് കരുത്ത് നിലനിർത്തി. രാജ്യത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിൽ നിന്നും കുരുമുളകിന് അന്വേഷണങ്ങളെത്തിയത് വിപണിയെ സജീവമാക്കി. ഉൽപന്ന വില ഉയരുന്ന പ്രവണത കണ്ട് അന്തർസംസ്ഥാന വാങ്ങലുകാരിൽ നിന്നുള്ള ഡിമാന്റ് ശക്തമായി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉത്സവ വേളയിലെ ആവശ്യങ്ങൾ മുന്നിൽ കണ്ടുള്ള ചരക്ക് സംഭരണം തുടങ്ങി. വൻകിട കറി പൗഡർ യൂനിറ്റുകളും മുളക് ശേഖരിക്കാൻ രംഗത്തുണ്ട്. 
ഹൈറേഞ്ചിലെയും കൂർഗിലെയും കർഷകരും സ്റ്റോക്കിസ്റ്റുകളും കുരുമുളക് വിൽപനക്ക് തിടുക്കം കാണിച്ചില്ല. കൊച്ചിയിൽ അൺഗാർബിൾഡ് മുളക് 49,200 രൂപയിൽ വിപണനം നടന്നു. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6350 ഡോളർ. വിയറ്റ്‌നാം ടണ്ണിന് 3750 ഡോറിനും ഇന്തോനേഷ്യ 3900 ഡോളറിനും ശ്രീലങ്ക 5200 ഡോളറിനും ബ്രസീൽ 3600 ഡോളറിനും ചരക്ക് ഇറക്കി. ഒലിയോറസിൻ വ്യവസായികൾ ശ്രീലങ്കൻ മൂപ്പ് കുറഞ്ഞ മുളകിൽ താൽപര്യം കാണിച്ചു. എണ്ണയുടെ അംശം ഉയർന്ന മുളക് വില 5500 ഡോളറാണ്. ജൂൺ അവസാനം ഇന്തോനേഷ്യ മൂപ്പ് കുറഞ്ഞ മുളക് വിൽപനക്ക് ഇറക്കുമെന്നാണ് സൂചന. അതേസമയം കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം വിളവെടുപ്പിന് വൈകിയാൽ സത്ത് നിർമാതാക്കൾ ശ്രീലങ്കൻ ചരക്കിൽ പിടിമുറുക്കാം. നവംബറോട് കൂടി തെക്കൻ കേരളത്തിലും എണ്ണയുടെ അംശം ഉയർന്ന ലൈറ്റ് പെപ്പർ ലഭ്യമാവും. 
കൊപ്രക്ക് നേരിട്ട വിലത്തകർച്ച കണ്ട് കാർഷിക മേഖല പച്ചത്തേങ്ങ വിൽപന്ക്ക് മത്സരിച്ചു. നിരക്ക് വീണ്ടും ഇടിയുമെന്ന ഭീതിയിൽ പുതിയ വിളവ് വിറ്റുമാറാനുള്ള തിടുക്കം തമിഴ്‌നാട്ടിലെ ഒട്ടുമിക്ക ഭാഗങ്ങളിലും ദൃശ്യമായി. കാർഷിക മേഖലകളിലെ ചെറുകിട വിപണികളിൽ വരവ് ശക്തമാണ്. കാങ്കയം മാർക്കറ്റിൽ കൊപ്രക്ക് 8000 രൂപയിലെ നിർണായക താങ്ങ് നഷ്ടപ്പെട്ടു. തമിഴ്‌നാട്ടിൽ വൻകിട തോട്ടങ്ങൾ ഉയർന്ന അളവിൽ പച്ചത്തേങ്ങ വിൽപനക്ക് ഇറക്കി. 
കാങ്കയത്ത് കൊപ്ര വില 300 രൂപ ഇടിഞ്ഞ് വാരാന്ത്യം 7700 രൂപയായി. ഈ നിരക്കിലും ചരക്ക് സംഭരണത്തിന് മില്ലുകാരിൽ നിന്നും  അന്വേഷണങ്ങൾ കുറവാണ്. മില്ലുകാർ വെളിച്ചെണ്ണ വില 10,950 ലേക്ക് ഇടിച്ചു. കൊച്ചിയിൽ എണ്ണ 12,600 ലും കൊപ്ര 8050 രൂപയിലുമാണ്. 
ആഭ്യന്തര വിദേശ വിപണികളിൽ നിന്നുള്ള ഡിമാന്റിൽ ഏലക്ക മികവിന് പരിശ്രമിക്കുന്നു. ഇതിനിടയിൽ പല ഭാഗങ്ങളിലും ചെറിയ അളവിൽ മഴ അനുഭവപ്പെട്ടത് അടുത്ത വാരം സ്‌റ്റോക്കിസ്റ്റുകളെ വിപണിയിലേക്ക് തിരിയാൻ പ്രേരിപ്പിക്കുമെന്ന നിഗമനത്തിലാണ് വാങ്ങലുകാർ. 
ശാന്തൻപാറയിൽ ശനിയാഴ്ച നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ 973 രൂപയായി ഇടിഞ്ഞു. മികച്ചയിനങ്ങൾ കിലോ 1499 രൂപയിലും കൈമാറി. 
കാർഷിക മേഖലയിൽ നിന്നുള്ള ഷീറ്റ് വരവ് ചുരുങ്ങി നിന്ന അവസരത്തിൽ വില ഇടിച്ച് സേറ്റാക്കിസ്റ്റുകളിൽ പരിഭ്രാന്തി പരത്താൻ വ്യവസായികൾ ശ്രമം നടത്തി. നാലാം ഗ്രേഡ് റബർ വില 161 രൂപയിൽ നിന്നും 158 രൂപയായി. അഞ്ചാം ഗ്രേഡ് 1,49,156 രൂപയിൽ കൈമാറി.  
കേരളത്തിൽ സ്വർണ വില പവന് 600 രൂപ ഇടിഞ്ഞു. വാരാരംഭത്തിൽ 45,040 രൂപയിൽ വ്യാപാരം നടന്ന പവൻ പിന്നീട് 44,440 ലേക്ക് താഴ്ന്നു. ഒരു ഗ്രാമിന് വില 5555 രൂപ. 

Latest News