പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത് ഇന്ത്യ വികസിത രാഷ്ട്രമാകുന്നതിന്റെ പ്രഖ്യാപനമാണ് ഇതെന്നായിരുന്നു. എന്നാൽ വാസ്തവം മറ്റൊന്നാണ്. ഇന്ത്യ മതേതര രാഷ്ട്രം എന്നതിൽ നിന്നു മാറി സവർണ മതരാഷ്ട്രമാകുന്നതിന്റെ പ്രഖ്യാപനമാണ് നടന്നത്.
ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തിയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. എന്നാൽ അതിനായി തെരഞ്ഞെടുത്ത ദിവസം തന്നെ സംഘപരിവാറിന്റെ ലക്ഷ്യം വ്യക്തമാക്കുന്നതായിരുന്നു. സവർക്കറുടെ ജൻമദിനം തന്നെ. അത് അംബേദ്കർ ജൻമ ദിനമായില്ല. പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ഹൈന്ദവ ശൈലിയിലുള്ള പൂജകളും നടത്തി. ആധുനിക ജനാധിപത്യത്തിന്റെ പ്രതീകമായ പാർലമെന്റ് മന്ദിരത്തിൽ കാഷായ വേഷധാരികളായ സന്ന്യാസിമാരുടെ പൂജകൾ നടന്നു. തുടർന്ന് സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം കാലഹരണപ്പെട്ട ഫ്യൂഡൽ അധികാരത്തിന്റെ പ്രതീകമായ ചെങ്കോൽ സ്ഥാപിച്ചത് മേളങ്ങളുടെയും പ്രാർത്ഥനകളുടെയും അകമ്പടിയോടെ.
ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലെത്തിയ പ്രധാനമന്ത്രി രാജഭരണ - പൗരോഹിത്യ കാലത്തിന്റെ പ്രതീകമായ ചെങ്കോലിനു മുന്നിൽ പുഷ്പങ്ങൾ അർപ്പിച്ച് കൈകൂപ്പി തൊഴുത കാഴ്ച ആധുനിക കാലത്തിനു നേരെയുള്ള കൊഞ്ഞനം കുത്തലായി. നെഹ്‌റുവിൽ നിന്ന് താനേറെ ദൂരം പിറകോട്ടു നടന്നിരിക്കുന്നു എന്ന പ്രഖ്യാപനം കൂടിയാണ് ഇതിലൂടെ മോഡി നടത്തിയത്. എന്നിട്ടു പറയുന്നതോ, ആധുനികതയും പൗരാണികതയും സമന്വയിപ്പിക്കുകയാണത്രേ. ഒപ്പം കണ്ണിൽ പൊടിയിടാനായി ഒരു സർവമത പ്രാർത്ഥന എന്ന ആചാരവും നടത്തി. ഒപ്പം ചെങ്കോലിന്റേതെന്നു പറഞ്ഞൊരു ചരിത്രവും തമിഴ്‌നാടിനെയും തമിഴിനെയും പ്രകീർത്തിക്കുന്ന വാക്കുകളും.
ചെങ്കോലുമായി ബന്ധപ്പെട്ട് ബിജെപി അവതരിപ്പിക്കുന്ന ചരിത്രമിതാണ്. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് അന്നത്തെ വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭു അധികാര കൈമാറ്റം എങ്ങനെ വേണമെന്ന് നെഹ്‌റുവിനോട് ചോദിച്ചത്രേ. രാജ്യത്തിന്റെ അവസാന ഗവർണർ ജനറൽ കൂടിയായ സി. രാജഗോപാലാചാരിയാണ് ചോളരാജ വംശത്തിന്റെ പാരമ്പര്യത്തിൽ ചെങ്കോൽ കൈമാറി തമിഴ്നാട്ടിൽ അധികാര കൈമാറ്റം പ്രതീകാത്മകമായി നടത്തും പോലെ നടത്താമെന്ന് നിർദേശിച്ചത്. തുടർന്ന് രാജാജി തഞ്ചാവൂരിൽ അറിയപ്പെട്ടിരുന്ന തിരുവാടുതുറൈ എന്ന മഠത്തിൽ നിന്ന് സഹായം സ്വീകരിക്കുകയും ആഭരണ നിർമാതാവായ വുമ്മിഡി ബംഗാരു ചെട്ടിയിൽ നിന്ന് ചെങ്കോൽ പണിയിച്ചെടുക്കുകയും ചെയ്തു. ഈ മഠാധിപതി ചെങ്കോൽ ആദ്യം മൗണ്ട്ബാറ്റനാണ് നൽകിയത്. പിന്നീട് ഗംഗാജലം തളിച്ച് ശുദ്ധീകരിച്ച ചെങ്കോൽ ഘോഷയാത്രയുടെ അകമ്പടിയോടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് 15 മിനിറ്റ് മുമ്പ് നെഹ്‌റുവിന് കൈമാറി.
ചെങ്കോൽ സ്വീകരിച്ച നെഹ്‌റു പക്ഷേ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി അതിനെ പാർലമെന്റിലേക്ക് കൊണ്ടുപോയില്ല. രാജഭരണത്തിലെ അധികാര കൈമാറ്റ പ്രതീകമല്ല ജനാധിപത്യത്തിലാവശ്യം എന്നദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നു. പകരം ചരിത്ര സ്മാരകങ്ങൾ സൂക്ഷിക്കുന്ന മ്യൂസിയത്തിലാണ് അദ്ദേഹമത് സൂക്ഷിച്ചത്. അവിടെനിന്നാണ് മോഡി അത് പൊടി തട്ടിയെടുത്ത് സന്ന്യാസിമാരുടെ പൂജയോടെയും അകമ്പടിയോടെയും തമിഴിനെ പ്രകീർത്തിച്ചും പാർലമെന്റിലെത്തിച്ചത്. ചെങ്കോലിന്റെ മഹിമയെ അദ്ദേഹം പ്രകീർത്തിക്കുകയും ചെയ്തു. കൂടുതൽ വിശദീകരിക്കേണ്ടതില്ലാത്ത വിധം കാര്യങ്ങൾ വ്യക്തം. നെഹ്‌റുവിൽ നിന്ന് മോഡിയിലേക്കുള്ള ദൂരവും.
ജനാധിപത്യത്തിന്റെ അവിഭാജ്യ ഭാഗമായ പ്രതിപക്ഷത്തിനു പകരം 21 മഠാധിപരാണ് പുതിയ മന്ദിരത്തിൽ ഉദ്ഘാടന ദിവസം സന്നിഹിതരായത് എന്നതിൽ നിന്നു തന്നെ സംഘപരിവാർ ലക്ഷ്യം വ്യക്തമാണ്. രാഷ്ട്രപതിയെ ചടങ്ങിനു ക്ഷണിക്കാതിരുന്നതാണ് പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തിനു പ്രധാന കാരണമായത്. അതിനുള്ള കാരണം വളരെ പ്രകടമാണ്. രാഷ്ട്രപതി ആദിവാസിയാണ്, സ്ത്രീയാണ്, വിധവയാണ്. അത്തരക്കാർക്ക് സംഘപരിവാറിന്റെ അനൗപചാരിക ഭരണഘടനയായ മനുസ്മൃതിയുടെ അംഗീകാരമില്ലല്ലോ. അവരൊന്നും ഇവർ വിഭാവനം ചെയ്യുന്ന രാഷ്ട്രത്തിൽ പൊതുപ്രവർത്തനം നടത്തേണ്ടവരല്ല. പരമാവധി അവർക്ക് ചെയ്യാവുന്നത് വസതിയിലിരുന്ന് സന്ദേശമയക്കുക മാത്രം. അതാണവിടെ സംഭവിച്ചതും.
സാധാരണ ഗതിയിൽ ഇത്തരമൊരു വിവാദമുണ്ടായാൽ തന്നെ ചെയ്യുക എന്താണ്? പ്രതിപക്ഷവുമായി ചർച്ച നടത്തി പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയല്ലേ? ഇവിടെ അത്തരമൊരു നീക്കവും ഉണ്ടായില്ല. പ്രതിപക്ഷം ബഹിഷ്‌കരിക്കണമെന്നു തന്നെയാണ് മോഡിയും കൂട്ടരും ആഗ്രഹിച്ചത് എന്നു കാണാം. അതും അവർ മുന്നോട്ടുവെക്കുന്ന രാഷ്ട്ര സങ്കൽപത്തിനു അനുസൃതമാണ്. കാരണം അവിടെ ഉണ്ടാകുക ചെങ്കോൽ പ്രതിനിധാനം ചെയ്യുന്ന രാജഭരണം പോലെ അധികാരം ഒരു വ്യക്തിയിലേക്കു കേന്ദ്രീകരിക്കൽ തന്നെയാണ്. പ്രതിപക്ഷമുണ്ടാകില്ല, ചർച്ചകളുണ്ടാകില്ല, ഉണ്ടാകുക രാജാവിനെ പ്രകീർത്തിക്കൽ മാത്രം.
തങ്ങൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല എന്നും മതാടിസ്ഥാനത്തിലുള്ള, രാജഭരണത്തിനു സമാനമായ സംവിധാനം തന്നെയാണ് ലക്ഷ്യമിടുന്നതെന്നും പറയാതെ പറയാൻ അവർക്കൊരു മടിയുമില്ല. എല്ലാ വൈവിധ്യങ്ങളും കുഴിച്ചുമൂടി ഏകമതത്തിലും ഏക പാർട്ടിയിലും ഏകനേതാവിലും ഏക സംസ്‌കാരത്തിലും ഏക ഭാഷയിലും ഏക നികുതിയിലും ഏക ദൈവത്തിലും ഏക സിവിൽ കോഡിലുമെല്ലാം അധിഷ്ഠിതമായ രാഷ്ട്രത്തിന്റെ മേൽക്കൂരയാണവർ പണിയുന്നത്. അടിത്തറയും ഭിത്തിയുമെല്ലാം ഏറെക്കുറെ നേരത്തെ പണിതു കഴിഞ്ഞു. പുതിയ പാർലമെന്റ് മന്ദിരം 140 കോടി ജനങ്ങളുടെ സ്വപ്ന സാക്ഷാത്കാരമാണെന്നും വികസിത ഭാരതത്തിന്റെ പ്രതീകമാണെന്നും പാവങ്ങളുടെ ശബ്ദവുമാണെന്നും ഭാരതീയ സംസ്‌കാരവും ഭരണഘടനയും സമന്വയിപ്പിക്കുന്നതാണെന്നുമാണ് മോഡിയുടെ ഭാഷ്യം. മഹാഭൂരിപക്ഷവും ഇപ്പോഴും പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുമ്പോഴും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ ലോകത്തെ നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുമ്പോൾ ചിരിക്കാതിരിക്കുന്നതെങ്ങനെ?
ഇന്ത്യൻ ഭരണഘടനയും ഗാന്ധിയും നെഹ്‌റുവും അംബേദ്കറും മതേതരത്വവും സാഹോദര്യവുമെല്ലാം സംഘപരിവാറിന് പേടിസ്വപ്‌നമാണ്. കാരണം അവയെല്ലാം മോഡി രാഷ്ട്രത്തിലേക്കുള്ള വഴിയിൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുമെന്ന് അറിയാവുന്നതു തന്നെ. ആ തിരിച്ചറിവിന്റെ ഭാഗമാണ് പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിന്റെ ഭാഗമായി നാം കണ്ടതെന്ന തിരിച്ചറിവാണ് ഇപ്പോൾ ജനാധിപത്യ മതേതരവാദികൾക്കും പ്രതിപക്ഷപാർട്ടികൾക്കും ഉണ്ടാകേണ്ടത്. എങ്കിൽ മാത്രമേ ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും 2024 നെ അതിജീവിക്കൂ എന്നാണ് ആവർത്തിക്കാനുള്ളത്. അല്ലെങ്കിൽ ശവപ്പെട്ടിയുടെയും പാർലമെന്റ് മന്ദിരത്തിന്റെയും ചിത്രങ്ങളുടെ സാമ്യം ചൂണ്ടിക്കാട്ടി ആർ.ജെ.ഡി പാർട്ടി ട്വിറ്റ് ചെയ്ത പോലെ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയായി പുതിയ പാർലമെന്റ് മന്ദിരം മാറാനാണ് സാധ്യത.
പുതിയ പാർലമെന്റ് മന്ദിരത്തിൽ ഈ നാടകം അരങ്ങേറുമ്പോൾ യഥാർത്ഥ ജീവിതത്തിനാണ് ദൽഹി നഗരം സാക്ഷ്യം വഹിച്ചത്. പോക്‌സോ കേസ് പ്രതിയും ബിജെപി നേതാവും പുതിയ പാർലമെന്റ് മന്ദിരത്തിൽ ഉപവിഷ്ടനാകാൻ പോകുന്ന വ്യക്തിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരായി വനിത ഗുസ്തി താരങ്ങൾ പ്രതിഷേധം നടത്തുന്ന ജന്തർ മന്ദറിലെ സമരപ്പന്തൽ പൊളിച്ചുനീക്കിയ പോലീസ് താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ നടത്താനിരുന്ന മഹിള സമ്മാൻ മഹാപഞ്ചായത്തിന് മുന്നോടിയായി പ്രതിഷേധിച്ചവരെയാണ് പോലീസ് ആക്രമിച്ചത്.