Sorry, you need to enable JavaScript to visit this website.

എൻ.ജി.ഒ യൂനിയൻ മനസ്സ് വെച്ചാൽ കേരളത്തിൽ അഴിമതി ഇല്ലാതാക്കാനാകും

എത്രയോ വർഷങ്ങളായി മാറിമാറി വരുന്ന എൻ.ജി.ഒ യൂനിയൻ ഭാരവാഹികളുടെ വാർത്ത സമ്മേളനങ്ങളിൽ ഉയരുന്ന ചോദ്യമായിരുന്നു കേരളത്തിൽ അഴിമതി ഇല്ലാതാക്കാൻ നിങ്ങളെന്ത് ചെയ്യുമെന്നത്. അങ്ങനെ അവരോട് ചോദിക്കാൻ കാരണം അവരാണ് സർക്കാർ ജീവനക്കാരിൽ  ബഹുഭൂരിപക്ഷത്തെയും പ്രതിനിധീകരിക്കുന്നവർ  എന്നതിനാലായിരുന്നു.  ഓരോ കാലത്തും അവർ പ്രതീക്ഷ നൽകുന്ന ഉത്തരം നൽകി. പക്ഷേ  കാര്യങ്ങൾ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന യാഥാർഥ്യം കേരളത്തെ തുറിച്ചു നോക്കുന്നു. 
തിരുവനന്തപുരത്ത് നടക്കുന്ന എൻ.ജി.ഒ യൂനിയൻ സമ്മേളനം വലിയ പ്രതീക്ഷ നൽകുന്ന തീരുമാനം ഈ വിഷയത്തിൽ കൈക്കൊണ്ടിട്ടുണ്ട്. ഇന്നലെ തുടങ്ങിയ സമ്മേളനം 30 നാണ് സമാപിക്കുന്നത്.   
സിവിൽ സർവീസിനെ ജനപക്ഷവും അഴിമതിരഹിതവുമായി പൂർണമായും മാറ്റുന്നതിന് ജീവനക്കാരുടെ കൂട്ടായ്മയും ഇടപെടലും ശക്തിപ്പെടുത്തണമെന്നാണ് എൻ.ജി.ഒ യൂനിയന്റെ ഏറ്റവും പുതിയ  സംഘടന രേഖ  നിർദേശിക്കുന്നത്.   തിരുവനന്തപുരം ജിമ്മി ജോർജ്  ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന  കേരള എൻ.ജി.ഒ യൂനിയൻ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി, അഴിമതിരഹിത ജനപക്ഷ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കുന്നതിനായി ജീവനക്കാർ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളും ചുമതലകളും നിർദേശിക്കുന്ന സംഘടന രേഖ ജനറൽ സെക്രട്ടറി എം.എ. അജിത്കുമാറാണ്  അവതരിപ്പിച്ചത്. 
സർക്കാർ സർവീസിലേക്ക് പുതിയ നിയമനം നേടി വരുന്നവർക്കും പുതിയ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നേടുന്നവർക്കും സമഗ്രമായ പരിശീലനം നൽകുന്നത് സംബന്ധിച്ചും ഓഫീസുകൾ ജനസൗഹൃദമാക്കി മാറ്റുന്നതിന് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ഓഫീസ് മാനേജ്‌മെന്റ് സംവിധാനം സംബന്ധിച്ചും അഴിമതി ഇല്ലാതാക്കുന്നതിന് നടത്തേണ്ട ഇടപെടലുകളെ സംബന്ധിച്ചുമെല്ലാം വിശദമായി സംഘടന രേഖയിൽ പ്രതിപാദിച്ചിട്ടുണ്ട്. 
ജനങ്ങളുടെ അവകാശമായ സർക്കാർ സേവനങ്ങൾക്കായി ജനങ്ങൾ ഓഫീസിൽ എത്തുന്നതിന് പകരം സേവനങ്ങൾ ജനങ്ങളെ തേടിയെത്തുന്ന രീതിയിലേക്ക് സിവിൽ സർവീസിനെ പൂർണമായും മാറ്റുന്നതിന് കൂടി ദിശാബോധം നൽകുന്ന രീതിയിലാണ് സംഘടന രേഖ തയാറാക്കിയിട്ടുള്ളത്. സംഘടന രേഖയിൻമേലുള്ള ചർച്ചയിൽ  എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ സജീവമായാണ് സംസാരിച്ചത്.  
ചർച്ചയിൽ  ഉയർന്നു വന്ന നിർദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും സംഘടന രേഖയിൽ തുടർനടപടികൾ സ്വീകരിക്കുക.
തീരുമാനം ആത്മാർഥതയോടെ ഏറ്റെടുത്ത് നടപ്പാക്കുക എന്നത് സംഘടനക്ക് വലിയ വെല്ലുവിളിയാണെന്നൊന്നും പറയാനാവില്ല. ഭൂരിപക്ഷം ഉദ്യോഗസ്ഥരും അഴിമതിയോട് വെറുപ്പും പുഛവും വെച്ചുപുലർത്തുന്നവരാണ് -പ്രത്യേകിച്ച് പുതുതായി രംഗത്ത് വരുന്നവർ. അവരെ ചീത്തയാക്കുന്നത് കൂട്ടത്തിലുള്ള വളരെ ചുരുക്കം പേരാണ്. 
ആർത്തിപ്പണ്ടാരങ്ങൾ' എന്ന് ഇവരെ എത്രയോ വട്ടം മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചു കഴിഞ്ഞു. ഈ പറഞ്ഞ ആർത്തിപ്പണ്ടാരങ്ങൾ രംഗം കൈയടക്കുന്നത് എല്ലാ കാലത്തുമുള്ള അവസ്ഥയാണ്. കൈക്കൂലിയില്ലാതെ കാര്യം നടക്കും എന്ന് ജനം അറിയുന്നത് പോലും ഈ പറഞ്ഞ ചെറു ന്യൂനപക്ഷത്തിന് ഇഷ്ടമായിരിക്കില്ല.  
അധികാരത്തിലെത്തുന്നവരെ സ്വാധീനിച്ച് ഇത്തരക്കാർക്ക് രംഗം കൈയടക്കാൻ  എല്ലാ കാലത്തും സാധിച്ചിരുന്നു. ഇ-ഗവേണൻസ് വന്നു തുടങ്ങിയതോടെ തന്നെ മാറ്റങ്ങൾ വന്നു തുടങ്ങി എന്നതാണ് യാഥാർഥ്യം- ഉദാഹരണത്തിന് മോട്ടോർ വാഹന വകുപ്പ്. ലൈസൻസ് ലഭിക്കാൻ പണ്ടൊക്കെ പൂർണമായും ഇടനിലക്കാരെ ആശ്രയിക്കണമായിരുന്നു. കേരളം സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഫയലുകളുടെ നീക്കം വേഗത്തിലാക്കാൻ ഇ-ഗവേണൻസ് സഹായിക്കും. 
ഭരണത്തിന്റെ താഴെ തട്ടിലേക്കും ഇ- ഗവേണൻസ് വ്യാപിക്കുന്നതോടെ ആരെയും നേരിട്ട് കാണാതെ ജനങ്ങൾക്ക് അവരുടെ കാര്യങ്ങൾ നേടിയെടുക്കാനാകും. ഇങ്ങനെയുള്ള ഓഫീസുകളിലെ പ്രശ്‌നം ഫയൽ നീക്കം വേഗത്തിലല്ല എന്നതാണ്. അവ വേഗത്തിലാക്കാൻ വേണ്ടിയാണ് ഫയൽ അദാലത്തുകൾ നടത്തുന്നത്.  ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും ഫയൽ നീക്കത്തിലെ കാലതാമസവും തമ്മിൽ നല്ല ബന്ധമുണ്ട്. കംപ്യൂട്ടറിലൊന്നും വേണ്ടത്ര പരിചയവും സ്പീഡുമില്ലാത്തവർ ഇപ്പോഴും സർവീസിലുണ്ട്. ഇതൊന്നും തുറന്നു പറയാൻ ആരും തയാറാകുന്നില്ലെന്ന് മാത്രം. ഇങ്ങനെയുള്ളവരുടെ ശത്രുത ഭയന്ന് സംവിധാനം അവരെ സംരക്ഷിക്കുന്നതാണ് പ്രശ്‌നം.  
 ജനങ്ങൾക്ക് കൂടുതലായി ഇടപെടേണ്ടി വരുന്ന വകുപ്പുകളിലാണ് എല്ലാ കാലത്തും അഴിമതി  വ്യാപകമായത്. മോട്ടോർ വാഹന വകുപ്പിന് പുറമെ റവന്യൂ, തദ്ദേശ ഭരണം എന്നിവയും അഴിമതി കാര്യത്തിൽ കുപ്രസിദ്ധി നേടിയവയാണ്.  സ്വാതന്ത്ര്യ പൂർവ കാലത്ത് നിലവിലിരുന്ന ചട്ടങ്ങളും വകുപ്പുകളും അഴിമതിക്കാർക്ക് വളക്കൂറുള്ള മണ്ണാക്കി. മാറ്റുവിൻ ചട്ടങ്ങളെ ... എന്ന ആഹ്വാനം നടപ്പാകേണ്ടത് ഇത്തരം വകുപ്പുകളിലാണ്. ഭൂരിപക്ഷം വരുന്ന സർവീസ് സംഘടനയുടെ വഴിക്കണ്ണ് വേണ്ട ഇടമാണിതൊക്കെ.  സർക്കാർ വകുപ്പുകളിലെ കൈക്കൂലി തടയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി ജൂൺ 5 ന് സർവീസ് സംഘടനകളുടെ യോഗം വിളിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചിട്ടുണ്ട്. 
അഴിമതിക്കും കൈക്കൂലിക്കും പിടിക്കപ്പെടുന്നവരെ കൈയോടെ സർവീസിൽ നിന്ന്  പുറത്താക്കുമ്പോൾ അവർക്ക് വക്കാലത്ത് പിടിക്കാൻ യൂനിയനുകൾ  രംഗത്തെത്തുന്ന അനുഭവം ഇനിയുണ്ടാകരുത്. സർവീസിന്റെ താഴെ തട്ടിലെ  അഴിമതിയുടെ ആഴവും പരപ്പും  സമൂഹത്തിന് മുന്നിൽ വെളിപ്പെടുത്തിയത് പാലക്കാട്ടെ ഒരു വില്ലേജ് ഓഫീസിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിപ്പണവുമായി പിടിക്കപ്പെട്ട  സുരേഷ് കുമാർ എന്ന വില്ലേജ് അസിസ്റ്റന്റാണ്-  സംവിധാനത്തിനാകെ നാണക്കേടുണ്ടാക്കുന്ന അനുഭവം.  
ഇതുപോലുള്ളവർ ഇനിയുണ്ടാകരുത് എന്നുറപ്പാക്കാൻ ഭരണകക്ഷി യൂനിയന്റെ ആവർത്തിച്ചുള്ള അഴിമതി വിരുദ്ധ പ്രഖ്യാപനം  സഹായിക്കട്ടെ എന്നാഗ്രഹിക്കാം.

Latest News