മാതാപിതാക്കളും സഹോദരങ്ങളും തന്നെ ഭക്ഷിക്കുമെന്ന് ഭയന്ന യുവാവ് നാലുപേരെ വെടിവെച്ചു കൊന്നു

ടെക്‌സസ്- നരഭോജികളായ മാതാപിതാക്കളും സഹോദരങ്ങളും തന്റെ മാംസം ഭക്ഷിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ആരോപിച്ച് 18കാരന്‍ അവരെ വെടിവെച്ചു കൊന്നു. നാലു പേരാണ് മരിച്ചത്. 

സീസര്‍ ഒലാല്‍ഡെ എന്ന പതിനെട്ടുകാരനാണ് പ്രതി. സീസറിന്റെ മാതാപിതാക്കളായ റൂബന്‍ ഒലാല്‍ഡെ, ഐഡ കാര്‍ഷ്യ, മൂത്ത സഹോദരി ലിസ്‌ബെറ്റ് ഒലാല്‍ഡെ, ഇളയ സഹോദരന്‍ ഒലിവര്‍ ഒലാല്‍ഡെ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ വീട്ടിലെ ശുചിമുറിയിലാണ് കണ്ടെത്തിയത്. നാലുപേരേയും വീടിന്റെ വിവിധ ഭാഗങ്ങളില്‍വെച്ച് വെടിവെച്ചിട്ട ശേഷം എല്ലാവരേയും കുളിമുറിയില്‍ കൊണ്ടിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അഞ്ചു വയസ്സുകാരനായ സഹോദരനെ ഉള്‍പ്പെടെ കൊലപ്പെടുത്തിയ സീസര്‍ ഒലാല്‍ഡെക്കെതിരെ കാപിറ്റല്‍ മര്‍ഡര്‍ ഓഫ് മള്‍ട്ടിപ്ള്‍ പീപ്പള്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ ചാര്‍ജ്ജ് ചെയ്തു. 

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനോട് താനാണ് എല്ലാവരേയും കൊലപ്പെടുത്തിയതെന്നു പറഞ്ഞ സീസര്‍ ആത്മഹത്യാ ഭീഷണിയും മുഴക്കി. തുടര്‍ന്ന് പോലീസ് അനുനയിപ്പിച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. 

ലിസ്‌ബെറ്റ് ഒലാല്‍ഡെയുടെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകന്‍ വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിഞ്ഞത്.

Latest News