Sorry, you need to enable JavaScript to visit this website.

ഹോട്ടല്‍ വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവം: പ്രതികളുമായി കുടുതല്‍ സ്ഥലത്ത് തെളിവെടുപ്പ്

മലപ്പുറം-കോഴിക്കോട്ടെ ഹോട്ടല്‍ വ്യാപാരി തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖിനെ (58) ലോഡ്ജ് മുറിയില്‍ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ പ്രതികളുമായി പോലീസ് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തും. അറസ്റ്റിലായ വല്ലപ്പുഴ ചെറുകോട്ടെ ഷിബിലി (22), സുഹൃത്ത് ഒറ്റപ്പാലം ചളവറയിലെ കൊട്ടോടി കെ. ഖദീജത്ത് ഫര്‍ഹാന (19)  എന്നിവരെ മലപ്പുറം  മജിസ്‌ട്രേട്ട് കോടതി പതിനാലു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായ  വല്ലപ്പുഴ മേച്ചേരിയിലെ വാലുപ്പറന്പില്‍ മുഹമ്മദ് ആഷിഖിനെ  വെള്ളിയാഴ്ച രാത്രി തന്നെ റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികളുമായി
കൂടുതല്‍ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തേണ്ടതിനാല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം ഇന്നു രാവിലെ  കോടതിയില്‍ അപേക്ഷ നല്‍കുകയും പ്രതികളെ വിട്ടുകിട്ടിയശേഷം ഇന്നു തന്നെ  തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന തിരൂര്‍ ഡിവൈഎസ്പി കെ.എം.ബിജു പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പാലക്കാടും കോഴിക്കോടുമടക്കം കൂടുതലിടങ്ങളില്‍ തെളിവെടുപ്പ് നടത്താനുണ്ട്. സിദ്ദീഖിനെ കൊലപ്പെടുത്തിയ ഹോട്ടലിലെത്തിച്ചും തെളിവെടുക്കും. പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍, രക്തക്കറ മായ്ക്കാനുപയോഗിച്ച വസ്തുക്കള്‍, മൃതദേഹം ഉപേക്ഷിക്കാനുപയോഗിച്ച സിദ്ദീഖിന്റെ കാര്‍ ഉള്‍പ്പെടെയുള്ളവ പോലീസ് കണ്ടെടുത്തിരുന്നു. സിദ്ദീഖിന്റെ ഫോണ്‍ ഇനിയും കണ്ടെത്താനായിട്ടില്ല. മൃതാദേഹാവശിഷ്ടങ്ങള്‍ കടത്താന്‍ ഉപയോഗിച്ച ട്രോളി ബാഗ് വാങ്ങിയ കോഴിക്കോട്ടെ മാനഞ്ചിറയിലെ കട, മൃതദേഹം കീറിമുറിക്കാനുപയോഗിച്ച കട്ടര്‍ വാങ്ങിയ കടയിലും പ്രതികളെ എത്തിച്ചു തെളിവെടുക്കും. സിദ്ദീഖില്‍ നിന്നു പണം തട്ടുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ഹണി ട്രാപ്പാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതികള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുന്നു. അതേസമയം പ്രതികള്‍ ഹോട്ടല്‍മുറിയില്‍ ക്രൂരകൃത്യം ചെയ്തപ്പോള്‍ ഹോട്ടല്‍ ജീവനക്കാരും മറ്റു മുറികളില്‍ താമസിക്കുന്നവരും ബഹളം  കേട്ടിരുന്നുവോ എന്ന  കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇക്കാര്യവും പോലീസ് പരിശോധിക്കും. സംഭവ സമയത്ത് പ്രതികള്‍ ഹോട്ടല്‍ മുറിയിലെ ടിവി ഉച്ചത്തില്‍ വച്ചിരുന്നുവെന്നാണ് പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്. ഇക്കാര്യം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
 

 

 

Latest News