Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ന് പാര്‍ലമെന്റില്‍ നടന്നത് മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമം- മുഖ്യമന്ത്രി

കോഴിക്കോട്- മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിക്കണമെന്ന ആര്‍.എസ്.എസിന്റെ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ഇന്ന് പാര്‍ലമെന്റില്‍ കണ്ടതെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. മതനിരപേക്ഷത തകര്‍ക്കാന്‍ വലിയ ശ്രമങ്ങള്‍ ഉണ്ടാവുന്നു. മത ന്യൂനപക്ഷങ്ങള്‍ വലിയ തോതില്‍ വേട്ടയാടപ്പെടുന്നു. നമ്മുടെ രാജ്യം ഇന്ന് വലിയ വെല്ലുവിളികളാണ് നേരിടുന്നത്. അധികാരം കൂടുതലായി കേന്ദ്രത്തിലേക്കാണ് കേന്ദ്രീകരിക്കപ്പെടുന്നത്. കേന്ദ്രവും സംസ്ഥാനവും ഒരു പോലെ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളില്‍ സംസ്ഥാനവുമായി യാതൊരു ആലോചനയും ഉണ്ടാവുന്നില്ല-കോഴിക്കോടു നടന്ന മാതൃഭൂമി മുന്‍ എം.ഡിയും സോഷ്യലിസ്റ്റ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരണറാലിയും ഫാസിസ്റ്റ് വിരുദ്ധ കൂടായ്മയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കാന്‍ ആര്‍.എസ്.എസ് ആഗ്രഹിക്കുന്നില്ലെന്നും ജനാധിപത്യ വ്യവസ്ഥ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ആര്‍.എസ്.എസ് നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നുവെന്നും അതിന്റെ മകുടോദാഹരണമാണ് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
നിഷ്പക്ഷത എന്നാല്‍ ഇന്ന് അധര്‍മ്മത്തിന്റെ ഭാഗത്ത് ചേരലാണെന്നും മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുന്ന കാലത്ത് മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും നിഷ്പക്ഷത വെടിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ബാധ്യതയുള്ള കേന്ദ്രസര്‍ക്കാരിന് ജനാധിപത്യവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നതിലാണ് ശ്രദ്ധയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
'രാഷ്ട്രീയ രംഗത്തും സാംസ്‌കാരിക രംഗത്തും ഒരു പോലെ വ്യക്തി മുദ്ര പതിപ്പിച്ച നേതാക്കളില്‍ ഒരാളായിരുന്നു എം പി വീരേന്ദ്ര കുമാര്‍. ഇന്ന് പാര്‍ലമെന്റില്‍ നടന്നത് രാജ്യത്തിന് ചേരാത്ത പ്രവൃത്തികളാണ്. വീരേന്ദ്രകുമാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരം നടപടികളെ ശക്തമായി അപലപിച്ചേനെ. മതനിരപേക്ഷതയാണ് നമ്മുടെ രാജ്യത്തിന്റെ മുഖമുദ്ര. എന്നാല്‍ ഇന്ന് പാര്‍ലമെന്റില്‍ നടന്നത് ഒരു പൊതു വേദിയില്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതല്ല. ഒരു പ്രത്യേക മതചടങ്ങായാണ് ഇന്ന് പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങ് നടത്തിയത്' മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ രാജ്യം ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. ജനാധിപത്യത്തിന് പല രീതിയിലുള്ള ഭീഷണിയുയരുന്ന കാലമാണിത്. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ബാധ്യതയുള്ള കേന്ദ്ര സര്‍ക്കാരില്‍നിന്ന് ജനാധിപത്യ വിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നു. പാര്‍ലമെന്റിന് പോലും കൃത്യമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. വ്യത്യസ്ത ശബ്ദങ്ങള്‍ കേള്‍ക്കാനും ഉള്‍ക്കൊള്ളാനും ഭരിക്കുന്ന പാര്‍ട്ടിക്ക് കഴിയേണ്ടതുണ്ട്, പക്ഷെ എല്ലാം തങ്ങളുടെ താല്‍പര്യത്തിന് പ്രവര്‍ത്തിക്കണമെന്നാണ് കേന്ദ്ര താല്‍പര്യം. ഫലപ്രദമായ ചര്‍ച്ചകള്‍ പോലും പാര്‍ലമെന്റില്‍ ഉണ്ടാവുന്നില്ല.  മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

Latest News