ഗുസ്തി താരങ്ങളെ വിട്ടയക്കുകയും ബ്രിജ് ഭൂഷണെ അറസ്റ്റു ചെയ്യുകയും വേണമെന്ന് ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ

ന്യൂദല്‍ഹി- ജന്ദര്‍മന്തറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്തതില്‍ ദല്‍ഹി പോലീസിനെതിരെ വിമര്‍ശനവുമായി ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ. അറസ്റ്റ് ചെയ്ത ഗുസ്തി താരങ്ങളേയും കുടുംബാംഗങ്ങളേയും വിട്ടയക്കണമെന്നും ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു. 

ഗുസ്തി താരങ്ങളെ തടഞ്ഞുവെച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട സ്വാതി ദല്‍ഹി പോലീസ് കമ്മീഷണര്‍ ഓഫിസര്‍ സഞ്ജയ് അറോറയ്ക്ക് കത്തയച്ചു. ഈ വിവരം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അവര്‍ അറിയിച്ചത്. 

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്ത നടപടി ദല്‍ഹി പൊലീസിന്റെ പക്ഷപാതപരമായ നിലപാടാണ് കാണിക്കുന്നതെന്നും ഗുസ്തി താരങ്ങളേയും കുടുംബങ്ങളേയും കസ്റ്റഡിയിലെടുക്കുകയും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അവര്‍ പറഞ്ഞു. 

ദല്‍ഹിയില്‍ പ്രതിദിനം ആറ് ലൈംഗികാതിക്രമ കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും അവയിലെല്ലാം പ്രതികളെ പിടികൂടാന്‍ ദല്‍ഹി പോലീസ് ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയ സ്വാതി പിന്നെന്തുകൊണ്ടാണ് ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടി സ്വീകരിക്കാത്തതെന്ന ചോദ്യവും ഉന്നയിച്ചു. നീതിയെ പരിഹസിക്കുന്നതാണ് ദല്‍ഹി പോലീസിന്റെ പക്ഷപാതപരമായ മനോഭാവമെന്നും അവര്‍ വിശദമാക്കി. 

സാക്ഷി മാലിക, വിനേഷ് ഫോഗട്ട്, സംഗീതാ ഫോഗട്ട് തുടങ്ങിയവര്‍ രാജ്യത്തിന്റെ വീരന്മാരും ചാമ്പന്യമാരുമാണെന്ന് താന്‍ ഓര്‍മിപ്പിക്കുന്നുവെന്നും വനിതാ ചാമ്പ്യന്മാരെ ദല്‍ഹി പോലീസ് തെരുവില്‍ വലിച്ചിഴച്ച രീതി അനുയോജ്യമല്ലെന്നും സ്വാതി വിശദീകരിച്ചു. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് നീതി നിഷേധിക്കുകയും ബലമായി തടങ്കലില്‍ വെക്കുകയും ചെയ്യുന്നതിലൂടെ ദല്‍ഹി പോലീസ് ലൈംഗികാതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ത്രീകളേയും പെണ്‍കുട്ടികളെയും നിരാശപ്പെടുത്തുകയാണെന്നും അവര്‍ പറഞ്ഞു. 

പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തിലേക്കാണ് തങ്ങള്‍ക്ക് നീതി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളും അവര്‍ക്ക് പിന്തുണയുമായി എത്തിയവരും മാര്‍ച്ച് നടത്തിയത്. എന്നാല്‍ ഇവരെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുകയും നിരവധി പേരെ തെരുവിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഗുസ്തി താരങ്ങളുടെ സമരവേദി പൊളിച്ചുമാറ്റുകയും ചെയ്തിട്ടുണ്ട്.

Latest News