പട്ടാഭിഷേകം കഴിഞ്ഞു; അഹങ്കാരിയായ രാജാവ് ജനങ്ങളെ അടിച്ചമർത്തുന്നു-മോഡിക്കെതിരെ രാഹുൽ

ന്യൂദൽഹി- പട്ടാഭിഷേകം കഴിഞ്ഞു; അഹങ്കാരിയായ രാജാവ് ജനങ്ങളെ തെരുവിൽ അടിച്ചമർത്തുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗുസ്തി താരങ്ങൾക്ക് എതിരായ ദൽഹി പോലീസിന്റെ നടപടിയിലാണ് രാഹുൽ ഗാന്ധി ശക്തമായ വിമർശനവുമായി രംഗത്തെത്തിയത്. 
പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ച ഗുസ്തിതാരങ്ങളെ പോലീസ് കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും രാഹുൽ ഗാന്ധി ട്വീറ്റിൽ പങ്കുവെച്ചു. പ്രധാനമന്ത്രി പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തെ കിരീടധാരണമായാണ് കണക്കാക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങുകളെ വിമർശിച്ച് രാഹുൽ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. 
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും നരേന്ദ്രമോഡിക്ക് എതിരെ രംഗത്തെത്തി. ഉയർന്ന ഭരണഘടനാ പദവിക്ക് അർഹമായ ബഹുമാനം പിന്നോക്ക ജാതിയിലുള്ളവർക്ക് നിഷേധിക്കപ്പെടുകയാണെന്ന് വേണുഗോപാൽ പറഞ്ഞു. ചടങ്ങിൽനിന്ന് മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ മാറ്റിനിർത്തിയതുമായി ബന്ധപ്പെട്ട് വേണുഗോപാൽ പറഞ്ഞു. അവരുടെ ബോധപൂർവമായ ഒഴിവാക്കൽ കാണിക്കുന്നത് പ്രധാനമന്ത്രി മോഡി അവരെ തന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനുള്ള അടയാളങ്ങളായി ഉപയോഗിക്കുമെന്നും എന്നാൽ, അത്തരം സുപ്രധാനവും ചരിത്രപരവുമായ അവസരങ്ങളുടെ ഭാഗമാകാൻ അനുവദിക്കില്ല എന്നുമാണെന്ന്  വേണുഗോപാൽ ട്വീറ്റ് ചെയ്തു.
 

Latest News