പാർലമെന്റിലെ ചെങ്കോൽ; പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ശരിയായ വാദമെന്ന് തരൂർ

ന്യൂദൽഹി- പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ചെങ്കോൽ വിവാദത്തിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മികച്ച വാദങ്ങളുണ്ടെന്നും തരൂർ പറഞ്ഞു. 

പവിത്രമായ പരമാധികാരവും ധർമ്മ ഭരണവും ഉൾക്കൊണ്ടുകൊണ്ടുള്ള പാരമ്പര്യത്തിന്റെ തുടർച്ചയെയാണ് ചെങ്കോൽ പ്രതിഫലിപ്പിക്കുന്നതെന്നുള്ള സർക്കാർ വാദം ശരിയാണ്. അതേസമയം, ഭരണഘടന അംഗീകരിച്ചത് ജനങ്ങളുടെ പേരിലാണ്. പരമാധികാരം ജനങ്ങൾക്കാണ്. ജനങ്ങളുടെ പ്രതിനിധികളാണ് പാർലമെന്റിൽ ഉള്ളത്. അത് ദൈവീക അവകാശത്താൽ കൈമാറ്റം ചെയ്യപ്പെടുന്ന രാജകീയ പദവിയല്ലെന്ന പ്രതിപക്ഷത്തിന്റെ വാദവും ശരിയാണ്.

അധികാര കൈമാറ്റത്തിന്റെ പ്രതീകമായി മൗണ്ട് ബാറ്റൺ നെഹ്റുവിന് കൈമാറിയെന്ന ചെങ്കോലിനെക്കുറിച്ചുള്ള ചർച്ച ഉപേക്ഷിച്ചാൽ ഈ രണ്ട് വാദങ്ങളും പൊരുത്തപ്പെടുന്നു. ഇക്കാര്യത്തിന് തെളിവുകളൊന്നുമില്ല. പകരം, ചെങ്കോൽ അധികാരത്തിന്റെ പരമ്പരാഗത ചിഹ്നമാണെന്നും അത് ലോക്സഭയിൽ വയ്ക്കുന്നതിലൂടെ പരമാധികാരം അവിടെയാണ്, അല്ലാതെ ഏതെങ്കിലും പരമാധികാരിയുടെ കൂടെയല്ല കുടികൊള്ളുന്നതെന്ന് ഇന്ത്യ ഉറപ്പിക്കുകയാണെന്ന് നമ്മൾ പറയണം.
നമ്മുടെ വർത്തമാനകാല മൂല്യങ്ങൾ ഉറപ്പിക്കാൻ നമുക്ക് ഈ ചിഹ്നം ഭൂതകാലത്തിൽ നിന്ന് സ്വീകരിക്കാമെന്നും തരൂർ പറയുന്നു.
അതേസമയം, പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കൂലിയെഴുത്തുകാരും ചെങ്കോലിനെ തമിഴ്നാട്ടിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് ആരോപിച്ചു.
 

Latest News