ന്യൂഡൽഹി - രാഷ്ട്രപതിയെ അവഗണിച്ചതിലുള്ള പ്രതിപക്ഷ പാർട്ടികളുടെ ബഹിഷ്‌കരണത്തിനിടെ, പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സർവമത പ്രാർത്ഥനയും നടന്നു. വിവിധ മതപണ്ഡിതന്മാർ പ്രാർത്ഥനയിൽ പങ്കാളികളായി. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, ക്രൈസ്തവ മതം, ഇസ്‌ലാം മതം, സിക്ക് മതം, ജൂത മതം, സൊറോസ്ട്രിയൻ മതം, ബഹായി മതം തുടങ്ങിയ മതങ്ങളിലെ പ്രാർത്ഥനകളാണ് പാർലമെന്റിൽ മുഴങ്ങിയത്.
ഹോമത്തോടും പൂജയോടും കൂടിയാണ് ചടങ്ങ് ആരംഭിച്ചത്. രാവിലെ 7.30ന് രാഷ്ട്രപിതാവ് മഹാത്മജിയുടെ പ്രതിമയ്ക്ക് സമീപം പരിപാടി ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഉപാധ്യക്ഷൻ തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുത്തത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്പീക്കറുടെ ഇരിപ്പിടത്തോട് ചേർന്നുള്ള ഗ്ലാസ് കെയ്‌സിനുള്ളിൽ ചെങ്കോലും പ്രധാനമന്ത്രി സ്ഥാപിച്ചു.
തമിഴ്‌നാട്ടിലെ ശൈവ മഠങ്ങളിലെ പുരോഹിതന്മാരുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചത്. ചെങ്കോലിന്റെ നിർമ്മാണത്തിന് ചുമതലപ്പെടുത്തപ്പെട്ട വുമ്മിടി ബങ്കാരു ജ്വല്ലേഴ്‌സ്, പുതിയ പാർലമെന്റ് മന്ദിരം നിർമ്മിച്ചവർ എന്നിവരെ ചടങ്ങിൽ പ്രധാനമന്ത്രി ആദരിച്ചു. തുടർന്നാണ് സർവമത പ്രാർത്ഥനാ നടന്നത്. രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയിലാണ് ചടങ്ങുകളെല്ലാം നടന്നത്.
2020ൽ ആരംഭിച്ച നിർമാണം 899 ദിവസങ്ങളെടുത്താണ് പൂർത്തീകരിച്ചത്. നാല് നിലകളിലായി 21 മീറ്റർ ഉയരമുള്ള കെട്ടിടത്തിന് 12000 കോടി രൂപയാണ് നിർമാണ ചെലവ്. രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എം.പിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളാനാകും. ലോക്‌സഭാ ചേംബറിൽ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറിൽ 384 ഇരിപ്പിടങ്ങളുമാണ് ഒരുക്കിയത്.