ശമ്പള അക്കൗണ്ടില്‍ ഉടമകള്‍ അറിയാതെ കോടികള്‍; മറുപടിയില്ലാതെ എസ്.ബി.ഐ

മലപ്പുറം- കോട്ടയ്ക്കല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ 20 പേരുടെ അക്കൗണ്ടുകളിലേക്ക് 40 കോടിയോളം രൂപ ആരുമറിയാതെ നിക്ഷേപമായി എത്തി. കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാല ജീവനക്കാരുടെ ശമ്പള അക്കൗണ്ടിലേക്കാണ് വന്‍ തുക വന്നത്. മാസാവസാനം ശമ്പളമെടുക്കാന്‍ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് കഴിഞ്ഞ കോടികളുടെ നിക്ഷപം തങ്ങളുടെ അക്കൗണ്ടിലെത്തിയതായി ഏതാനും ജീവനക്കാര്‍ അറിയുന്നത്. ഉടന്‍ തന്നെ ബാങ്ക് ശാഖയുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടിയൊന്നും ലഭിച്ചില്ല. പിന്നീട് കൂടുതല്‍ പേര്‍ പരാതിയുമായി മുന്നോട്ടു വരികയായിരുന്നു.  പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. 

ഞായറാഴ്ച ബാങ്ക് അവധിയായിരുന്നതിനാല്‍ ഇവര്‍ക്ക് ശാഖയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ചയാണ് അക്കൗണ്ട് ഉടമകള്‍ നേരിട്ട് ബാങ്കിലെത്തി പരാതി ബോധിപ്പിച്ചത്. സാങ്കേതിക കാരണങ്ങളാലാണ് കോടികള്‍ അക്കൗണ്ടിലെത്തിയതായി കാണിച്ചതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നുണ്ടെങ്കിലും മറുപടിയില്‍ തൃപ്തരല്ല. ഇത്രയും തുക അക്കൗണ്ടിലെത്തിയത് തങ്ങള്‍ക്ക് നികുതി പ്രശ്‌നങ്ങള്‍ക്കിടയാക്കുമോ എന്ന ആശങ്കയിലാണിവര്‍. എവിടെ നിന്നാണ് ഇത്രയും പണം എത്തിയതെന്നും ബാങ്ക് വ്യക്തമാക്കുന്നില്ല.

അക്കൗണ്ട് ഉടമകളുടെ പൂര്‍ണ വിവരങ്ങള്‍ (കെ.വൈ.സി) നല്‍കുന്ന നിര്‍ബന്ധ രേഖകള്‍ സമര്‍പ്പിക്കാത്തവരുടെ അക്കൗണ്ട് മരവിപ്പിക്കുന്നതിനാണ് ഇതു ചെയ്തതെന്നും എസ്.ബി.ഐ പറയുന്നു. അക്കൗണ്ട് മരവിപ്പിച്ചതോടെ പണം എടുക്കാനാവാതെ കുഴങ്ങിയ ഉപഭോക്താക്കളുടെ വിരലടയാളം അടക്കം ശേഖരിച്ച ശേഷമാണ് പണം പിന്‍വലിക്കാന്‍ അനുവദിച്ചത്. അതേസമയം ബാങ്ക് അധികൃതരുടെ മറുപടിയില്‍ തൃപ്തരല്ലാത്ത ഉപഭോക്താക്കള്‍ ഇപ്പോഴും ആശങ്കയിലാണ്.
 

Latest News